
ന്യൂയോര്‍ക്ക്: നടപ്പ് വര്‍ഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കില്‍ കുറവ് വരുത്തി അന്താരാഷ്ട്ര നാണയ നിധി. ഈ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജ്യം 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് നേരത്തെ ഐഎംഎഫ് കണക്കാക്കിയിരുന്നത്.
എന്നാല്‍, അടുത്ത വര്‍ഷം വളര്‍ച്ച നിരക്കില്‍ ഇന്ത്യ വന്‍ മുന്നേറ്റം നേടിയെടുക്കും. ഏഴ് ശതമാനമായിരിക്കും ഇന്ത്യയുടെ അടുത്ത വര്‍ഷത്തെ വളര്‍ച്ച നിരക്കെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. ചൈനയുടെ വളര്‍ച്ച നിരക്കും ഈ വര്‍ഷം 6.1 ശതമാനമായിരിക്കും. എന്നാല്‍, അടുത്ത വര്‍ഷം ഇത് 5.8 ശതമാനമായി കുറയും.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക ഉത്തേജന പദ്ധതികളാണ് അടുത്ത വര്‍ഷം വളര്‍ച്ചയില്‍ മുന്നേറ്റം പ്രകടിപ്പിക്കാന്‍ ഇന്ത്യയെ സഹായിക്കുന്ന ഘടകമെന്നും അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കി. നേരത്തെ ലോക ബാങ്കും ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ച നിരക്ക് കുറച്ചിരുന്നു. ആറ് ശതമാനത്തിലേക്കാണ് ലോക ബാങ്ക് വളര്‍ച്ച നിരക്ക് കുറച്ചത്.