
മുംബൈ: കോർപ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണ രംഗത്തെ അനിശ്ചിതത്വം, ചില ബാങ്ക് ഇതര ധനകാര്യ കമ്പനികളിലെ പരിഹരിക്കപ്പെടാതെ തുടരുന്ന പ്രതിസന്ധി എന്നിവ കാരണം ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും വളരെ ദുർബലമാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്).
ഇന്ത്യയിലെ സമീപകാല സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും വളരെ ദുർബലമാണ്, പ്രധാനമായും കോർപ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണ അനിശ്ചിതത്വവും ചില ബാങ്ക് ഇതര ധനകാര്യ കമ്പനികളിലെ നീണ്ടുനിൽക്കുന്ന പ്രതിസന്ധിയും ഇന്ത്യയെ ദുര്‍ബലമാക്കുന്നുവെന്ന് ഐഎംഎഫ് വക്താവ് ജെറി റൈസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഈ സമയത്ത് വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമായിരുന്നു. അന്താരാഷ്ട്ര നാണയ നിധി ഇന്ത്യയുടെ 2019 -20 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കില്‍ 0.3 ശതമാനത്തിന്‍റെ കുറവ് വരുത്തി ഏഴ് ശതമാനത്തിലെത്തിച്ചു.
2020 -21 വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 7.2 ലേക്കും താഴ്ത്തി. മുന്‍പ് 2020 -21 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായിരുന്നു. 2012-13 ഏപ്രിൽ മുതൽ ജൂൺ വരെ രേഖപ്പെടുത്തിയ 4.9 ശതമാനമായിരുന്നു പ്രസ്തുത പാദത്തിലെ ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക്. ആഗോള വ്യാപാര സംഘർഷങ്ങളും രാജ്യത്തെ കച്ചവട താല്‍പര്യവും ഉപഭോക്തൃ ആവശ്യകതയും സ്വകാര്യ നിക്ഷേപവും ദുർബലമാകുന്നതാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിലെ ഇടിവിന് കാരണം.
ഉല്‍പാദന, കാര്‍ഷിക മേഖലകളില്‍ നേരിടുന്ന ഇടിവാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന വളര്‍ച്ചാ മുരടിപ്പിന് പ്രധാന കാരണമെന്നാണ് സ്റ്റാസ്റ്റിക്സ് മന്ത്രാലയം അഭിപ്രായപ്പെടുന്നത്.