കേരളത്തിന് അമേരിക്കയുടെ പണി; ചെമ്മീന്‍ കയറ്റുമതിക്ക് കടുത്ത നിയന്ത്രണം

By Web TeamFirst Published Nov 28, 2019, 4:00 PM IST
Highlights

തവിട്ടുനിറമുള്ള ചെമ്മീൻ, കരിക്കടി ചെമ്മീൻ, കേരളത്തിൽ നിന്നുള്ള ആഴക്കടൽ ചെമ്മീൻ എന്നിവ അമേരിക്കയിലെ ജനപ്രിയ ഇനങ്ങളാണ്. 

തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള ചെമ്മീനിന് അമേരിക്ക ഏർപ്പെടുത്തിയ നിരോധനം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുന്നത് കേരളത്തെയാകും. 300 ദശലക്ഷം ഡോളർ വിലമതിക്കുന്ന ചെമ്മീൻ കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു. ഈ കയറ്റുമതി ഇല്ലാതാകുന്നതോടെ കേരളത്തിലെ ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ ജീവിതം പ്രതിസന്ധിയിലാകും. 

തവിട്ടുനിറമുള്ള ചെമ്മീൻ, കരിക്കടി ചെമ്മീൻ, കേരളത്തിൽ നിന്നുള്ള ആഴക്കടൽ ചെമ്മീൻ എന്നിവ അമേരിക്കയിലെ ജനപ്രിയ ഇനങ്ങളാണ്. നിരോധനം നടപ്പാക്കുന്നതോടെ കരിക്കടി, തവിട്ട് ചെമ്മീൻ എന്നിവയുടെ വില വലിയ തോതില്‍ ഇടിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പ്രതിസന്ധിയുടെ പ്രശ്നങ്ങള്‍ ഇതിനകം നേരിടുന്ന കേരളത്തിലെ മത്സ്യബന്ധന സമൂഹത്തിന് ഇത് കനത്ത പ്രഹരമാകും. 

മത്സ്യ കയറ്റുമതിയിലൂടെ ലഭിക്കുന്ന പണത്തെ അടിസ്ഥാനമാക്കിയാണ് മത്സ്യബന്ധന യാനങ്ങളുടെ പ്രവർത്തനം. തമിഴ്‌നാട്ടിൽ നിന്ന് നൂറുകണക്കിന് മത്സ്യബന്ധന ബോട്ടുകൾ കേരളാ തീരത്തുണ്ട്. അവർ തങ്ങളുടെ ഉൽപ്പന്നങ്ങൾ കേരളത്തിലെ ലാൻഡിംഗ് സെന്ററുകളിൽ എത്തിക്കുന്നു. അതിനാല്‍ തന്നെ ചെമ്മീന്‍ വ്യവസായം കേരളത്തിലും പുറത്തും ധാരാളം ആളുകൾക്ക് വരുമാന മാർഗ്ഗം കൂടിയാണ്.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയും ഇതിനെ സാരമായി ബാധിക്കും. നിരോധന വാർത്ത വന്നയുടനെ തങ്ങൾ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുവെന്നും ഇക്കാര്യത്തിൽ പരിഹാരം കണ്ടുവരികയാണെന്നും സീ ഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് അലക്സ് നൈനാൻ പറഞ്ഞു.

ഇക്കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് ഇടപെടണമെന്ന് കേരള മത്സ്യ തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു.

click me!