ലോറി വാങ്ങാനും 'ആളില്ലാക്കാലം', പണികിട്ടി ടാറ്റയും അശോക് ലെയ്‍ലാന്‍ഡും: ഓട്ടോമൊബൈല്‍ രംഗത്ത് സമ്മര്‍ദ്ദം വര്‍ധിക്കുന്നു

By Web TeamFirst Published Sep 4, 2019, 5:02 PM IST
Highlights

ചരക്ക് ലഭ്യത കുറയുന്നതും ചരക്ക് നിരക്ക് കുറയുന്നതും സമ്പദ്‌വ്യവസ്ഥയിലെ പൊതുവായ മാന്ദ്യവുമാണ് ട്രക്കുകളുടെ ഡിമാൻഡ് കുറയുന്നത്, അതിനാല്‍ വാണിജ്യ വാഹന ആവശ്യകത വലിയതോതില്‍ തടസ്സപ്പെടുത്തുന്നു.

കാര്‍, ട്രാക്ടര്‍, ടുവീലര്‍ വിപണികളെ ബാധിച്ച ഗുരുതര വില്‍പ്പന പ്രതിസന്ധി ട്രക്ക് നിര്‍മാതാക്കളെയും വിയര്‍പ്പിക്കുന്നു. ഇന്ത്യയിലെ നാല് പ്രധാന മീഡിയം ഹെവി ഡ്യൂട്ടി വാഹന നിര്‍മാതാക്കളുടെ മൊത്ത വില്‍പ്പനയില്‍ 59.50 ശതമാനത്തിന്‍റെ ഇടിവാണ് ആഗസ്റ്റ് മാസം ഉണ്ടായിരിക്കുന്നത്.

ട്രക്ക് നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനിയായ ടാറ്റയ്ക്ക് ഉണ്ടായ വില്‍പ്പന ഇടിവ് 58 ശതമാനമാണ്. വിപണി വിഹിതത്തില്‍ രണ്ടാം സ്ഥാനത്തുളള അശോക് ലെയ്‍ലാന്‍ഡിന് മുന്‍ വര്‍ഷത്തെ ഇതേകാലയളവിനെ പരിഗണിക്കുമ്പോള്‍ വില്‍പ്പനയില്‍ 70 ശതമാനത്തിന്‍റ ഇടിവാണുണ്ടായത്.  

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ ബാധിച്ചിരിക്കുന്ന വളര്‍ച്ചാ മുരടിപ്പ് ചരക്ക് നീക്ക സംവിധാനത്തിന് കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിന്‍റെ സൂചനകളാണ് ട്രക്ക് വില്‍പ്പനയിലുണ്ടായ കുറവില്‍ പ്രതിഫലിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജൂൺ പാദത്തിൽ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനം മാത്രമായിരുന്നു, ആറ് വർഷത്തിനിടയിലെ ഏറ്റവും വേഗത കുറഞ്ഞ പാദ വളര്‍ച്ചാ നിരക്കാണിത്. ഉൽപ്പാദന മേഖലയും പ്രസ്തുത പാദത്തില്‍ മോശമായി. 

2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ബിഎസ് ആറ് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ നടപ്പാകുന്നതിന് മുമ്പായി വരുന്ന ബുക്കിങുകളും ഉത്സവ സീസണുമാണ് ഇനി വാഹന നിര്‍മാതാക്കളുടെ പ്രതീക്ഷ. ആ കാലത്ത് കൂടി വില്‍പ്പന ഉയര്‍ന്നില്ലെങ്കില്‍ കമ്പനികള്‍ വലിയ പ്രതിസന്ധിയിലേക്ക് പോകും. എന്നാല്‍, രാജ്യത്ത് വില്‍ക്കുന്ന പത്തില്‍ ഏഴ് ട്രക്കുകളുടെയും നിര്‍മാതാക്കളായ ടാറ്റയ്ക്കും അശോക് ലെയ്‌ലാൻഡിനും സംഭവിച്ച ഇടിവ് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.   

'ചരക്ക് ലഭ്യത കുറയുന്നതും ചരക്ക് നിരക്ക് കുറയുന്നതും സമ്പദ്‌വ്യവസ്ഥയിലെ പൊതുവായ മാന്ദ്യവുമാണ് ട്രക്കുകളുടെ ഡിമാൻഡ് ഇടിക്കുന്നത്, അതിനാല്‍ വാണിജ്യ വാഹന ആവശ്യകത വലിയതോതില്‍ തടസ്സപ്പെടുത്തുന്നു.' ടാറ്റ മോട്ടോഴ്‌സ് പ്രസിഡന്റ് (വാണിജ്യ വാഹനങ്ങൾ) ഗിരീഷ് വാഗ് പറഞ്ഞു.

ടാറ്റ മോട്ടോഴ്‌സ് ചില്ലറ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വാഗ്‌ പറഞ്ഞു. കമ്പനിയുടെ റീട്ടെയിൽ വിൽ‌പ്പന മൊത്ത വിൽ‌പനയേക്കാൾ 25 ശതമാനം മുന്നിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച ഉത്തേജക പാക്കേജിന്റെ ഗുണപരമായ ഫലം ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2018 ആഗസ്റ്റില്‍ അശോക് ലെയ്‍ലാന്‍ഡിന്‍റെ വില്‍പ്പന 11, 135 യൂണിറ്റുകളായിരുന്നെങ്കില്‍ ഈ വര്‍ഷം ആഗസ്റ്റില്‍ അത് 3,336 യൂണിറ്റുകളായി കുറഞ്ഞു. ടാറ്റ കഴിഞ്ഞ വര്‍ഷം 12,715 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ആ വര്‍ഷം അത് 5,340 യൂണിറ്റുകളായി കുറഞ്ഞു. മഹീന്ദ്രയ്ക്കുണ്ടായ ഇടിവ് 58 ശതമാനത്തിന്‍റേതാണ്. 2018 ആഗസ്റ്റില്‍ മഹീന്ദ്ര 1,148 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഈ വര്‍ഷം ആഗസ്റ്റില്‍ അത് വെറും 354 രൂപയായി കുറഞ്ഞു. വില്‍പ്പന കൂട്ടാന്‍ കമ്പനികള്‍ വലിയ ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ചെങ്കിലും വില്‍പ്പനയില്‍ പ്രതീക്ഷിച്ച വര്‍ധന കൈവരിക്കാന്‍ അവര്‍ക്കായില്ല. 

'എല്ലാവരും പ്രതീക്ഷയുള്ളവരല്ല. ട്രക്ക് വ്യവസായം വളരെ മോശം അവസ്ഥയിലാണ്. ഇത് നിരാശാജനകമായ ഒരു സാഹചര്യമാണ്. ഉയര്‍ന്ന മോഡലുകള്‍ക്ക് 8,00,000 മുതൽ 9,00,000 രൂപ വരെ കിഴിവുകൾ കേൾക്കാത്തതാണ്, അതും നല്‍കി നോക്കി. ഉപഭോഗം പുനരുജ്ജീവിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുകയും ചെയ്തില്ലെങ്കിൽ വിൽപ്പന മെച്ചപ്പെടുമെന്ന് കരുതരുത്' സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പ്രസിഡന്റ് രാജൻ വധേര പറഞ്ഞു. ഒരു ട്രക്ക് റോൾസ് റോയ്‌സ് പോലെ അല്ല, റോള്‍സ് റോയ്സ് വാങ്ങി മറ്റുള്ളവരെ കാണാനായി പ്രദര്‍ശിപ്പിക്കും, എന്നാല്‍ ട്രക്കിന്‍റെ കാര്യത്തില്‍ അത് പ്രതീക്ഷിക്കരുത്, അതിനാല്‍ തന്നെ വിപണിയില്‍ ഇടിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

എക്‌സ്‌ഷോറൂം വിലയുടെ 10 മുതൽ 15 ശതമാനം വരെ പുതിയ വാണിജ്യ വാഹനങ്ങള്‍ക്ക് കിഴിവുകൾ തുടരുകയാണെന്ന് ഐസി‌ആർ‌എയുടെ കോർപ്പറേറ്റ് റേറ്റിംഗിലെ വൈസ് പ്രസിഡന്റും സെക്ടർ ഹെഡും ഷാംഷേര്‍ ദിവാൻ പറഞ്ഞു. എല്ലാ പ്രധാന ഉപയോക്തൃ വിഭാഗങ്ങളിൽ നിന്നുമുള്ള ഡിമാൻഡ് വളരെ മോശമായി തുടരുന്നു. ചില്ലറ വിൽപ്പനയും ദുർബലമാണ്, ഇത് ശരാശരി കിഴിവുകളിൽ വർദ്ധനവിന് കാരണമായി. ഈ വിഭാഗത്തിലെ വലിയ കമ്പനികള്‍ വിലയില്‍ വളരെ ഉയർന്ന കിഴിവിനാണ് ശ്രമിക്കുന്നതെന്നും ദിവാൻ പറഞ്ഞു.

അതേസമയം, പല സംസ്ഥാനങ്ങളിലെയും വെള്ളപ്പൊക്കം കാര്‍ഷിക ഉല്‍പാദനത്തെയും അതിന്‍റെ കൈമാറ്റത്തെയും ബാധിച്ചു, ഇത് കാർഷിക ഉൽ‌പാദന മാർക്കറ്റ് കമ്മിറ്റികളിൽ (എപി‌എം‌സി) പഴങ്ങളുടെയും പച്ചക്കറികളുടെയും വരവ് കുറച്ചു. മിക്ക വ്യവസായ ക്ലസ്റ്ററുകളിലെയും ഫാക്ടറി ഗേറ്റുകളിലെയും ചരക്ക് കൈമാറ്റത്തിലും കുറവുണ്ടായതായി ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് അഭിപ്രായപ്പെട്ടു ഈ പ്രതിസന്ധിയും ട്രാക്കുകളുടെ വില്‍പ്പനയെ ദോഷകരമായി ബാധിച്ചു. 
 
 

click me!