കേന്ദ്ര സർക്കാരിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായി 'ജിഡിപി'; പ്രതിസന്ധികള്‍ ബജറ്റിലൂടെ മറികടക്കുമോ?

By Web TeamFirst Published Jan 31, 2020, 7:43 PM IST
Highlights

വ്യക്തികളുടെ കൈവശം കൂടുതൽ പണം എത്തിച്ച് ഉപഭോഗം വർധിപ്പിച്ച് വളർച്ചാ നിരക്ക് തിരിച്ചുപിടിക്കാനാകും സർക്കാരിന്റെ ശ്രമം. 

ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ കേന്ദ്ര സർക്കാരിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തിന്റെ കുറഞ്ഞ വളർച്ചാ നിരക്കായിരിക്കും. നിലവിൽ അഞ്ച് ശതമാനത്തിന് താഴെ നിൽക്കുന്ന ജിഡിപി നിരക്ക് ഉയർത്തിയെടുക്കാൻ കേന്ദ്ര സർക്കാർ ഏറെ വിയർക്കേണ്ടി വരും.

നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ വളർച്ചാ നിരക്ക് അഞ്ച് ശതമാനമായിരുന്നു. എന്നാൽ, ജൂലൈ മുതൽ സെപ്റ്റംബർ വരെയുളള രണ്ടാം പാദത്തിൽ അത് 4.5 ശതമാനമായി വീണ്ടും കുറഞ്ഞു.

മുൻ വർഷം ഒന്നാം പാദത്തിൽ വളർച്ചാ നിരക്ക് എട്ട് ശതമാനവും രണ്ടാം പാദത്തിൽ ഇത് ഏഴ് ശതമാനവുമായിരുന്നു. ഈ കണക്കുകൾ രാജ്യത്തെ ആശങ്കയിലേക്ക് തള്ളിവിടുന്നു.  

കഴിഞ്ഞ ആറ് വർഷത്തനിടെയിലെ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. അതായത് 2013 ജനുവരി -മാർച്ച് കാലയളവിൽ രേഖപ്പെടുത്തിയ 4.3 ശതമാനത്തിന് ശേഷമുളള ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കിലാണിപ്പോള്‍.   

പൊതുമേഖലാ ബാങ്കുകളുടെ ലയനം, വിദേശ നിക്ഷേപത്തിനുള്ള ഉയര്‍ന്ന നികുതി പിന്‍വലിക്കല്‍, കോര്‍പറേറ്റ് നികുതി ഇളവുകള്‍, സർക്കാരിന്റെ ചെലവാക്കൽ ഉയർത്തുക തുടങ്ങിയ അനേകം പരിശ്രമങ്ങൾ നടത്തിയെങ്കിലും വളർച്ചാ നിരക്ക് ഉയർത്തിയെടുക്കാൻ സർക്കാരിനായില്ല. പലിശ നിരക്കുകൾ കുറച്ച് വിപണിയിൽ പണ ലഭ്യത ഉയർത്താൻ റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല.

അടുത്തിടെ പുറത്തുവന്ന അന്താരാഷ്ട്ര നാണ്യ നിധിയുടെയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. ഐഎംഎഫിന്റെ പ്രവചനത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം 4.8 ശതമാനത്തിലേക്ക് ഇടിയും. മാത്രമല്ല, ഇന്ത്യയിലെ പ്രതിസന്ധി ആഗോള വളര്‍ച്ചാനിരക്കിനെ ദോഷകരമായി ബാധിക്കുമെന്നും ഐഎംഎഫ് പറയുന്നു. അതിനാൽ തന്നെ ഇക്കുറി ബജറ്റ് പ്രഖ്യാപനങ്ങൾ ഏറെ നിർണായകമാണ്.

 വ്യക്തികളുടെ കൈവശം കൂടുതൽ പണം എത്തിച്ച് ഉപഭോഗം വർധിപ്പിച്ച് വളർച്ചാ നിരക്ക് തിരിച്ചുപിടിക്കാനാകും സർക്കാരിന്റെ ശ്രമം. ധനമന്ത്രി നിർമല സീതാരാമന്റെ രണ്ടാം ബജറ്റിൽ അതിനാൽ തന്നെ വൻ ആദായ നികുതി ഇളവുകൾ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

ഒപ്പം സംരംഭകത്വം വളർത്താനും, തൊഴിലില്ലായ്മ കുറയ്ക്കാനും ലക്ഷ്യമിട്ടുളള നയ തീരുമാനങ്ങളും ഉണ്ടായേക്കും. നിക്ഷേപം വർധിപ്പിക്കാനായി നേരിട്ടുളള വിദേശ നിക്ഷേപ നയത്തിൽ കൂടുതൽ ഇളവുകളുണ്ടായേക്കാമെന്നും വിദഗ്ധർ പറയുന്നു.  
 

click me!