ആരാണ് കൂടുതല്‍ സ്കോര്‍ ചെയ്തത് അമേരിക്കയോ ചൈനയോ?, 'തമ്മിലടി' ഇനി എങ്ങോട്ട്

By Web TeamFirst Published Oct 14, 2019, 2:39 PM IST
Highlights

ചൈനീസ് വിപണി അടഞ്ഞതോടെ സര്‍ക്കാര്‍ കര്‍ഷകരുടെ നഷ്ടം കുറയ്ക്കാന്‍ ഈ മേഖലകളില്‍ വിവിധ സബ്സിഡികള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

ന്യൂയോര്‍ക്ക്: ചൈനയും അമേരിക്കയും തമ്മില്‍ നടന്ന വ്യാപാര ചര്‍ച്ചകള്‍ ഗുണകരമായ തലത്തിലേക്ക് മുന്നേറുന്നതായാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഉയര്‍ത്താനുളള തീരുമാനത്തില്‍ നിന്ന് നിലവില്‍ അമേരിക്ക പിന്നോക്കം പോയിരിക്കുകയാണ്. 250 ബില്യണ്‍ ഡോളര്‍ മൂല്യമുളള ചൈനീസ് ഉല്‍പ്പന്നങ്ങളാണ് ഇതോടെ താരിഫ് ആക്രമണത്തില്‍ രക്ഷപെട്ടത്. 

ഇതിന് പകരമായി 40 മുതല്‍ 50 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന അമേരിക്കന്‍ ഫാം ഉല്‍പ്പന്നങ്ങളും സോയ ബീന്‍, പോര്‍ക്ക് തുടങ്ങിയവ ചൈന ഇറക്കുമതി ചെയ്യും. ചൈനയുടെ ഫാം ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുളള തീരുമാനം അമേരിക്കന്‍ കര്‍ഷകര്‍ക്ക് നേട്ടമാണെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

വ്യാപാരയുദ്ധം കടുത്തുനിന്ന, കഴിഞ്ഞ പതിനെട്ട് മാസമായി ഐഓവയും മറ്റ്  മിഡില്‍ ഇസ്റ്റേണ്‍ സംസ്ഥാനങ്ങളിലെയും അമേരിക്കന്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായിരുന്നു. വ്യാപാര പ്രതിസന്ധിക്ക് കുറവുണ്ടായതോടെ കര്‍ഷകരുടെ വരുമാനത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് ഈ അമേരിക്കന്‍ സംസ്ഥാനങ്ങളുടെ പ്രതീക്ഷ. ചൈനീസ് വിപണി അടഞ്ഞതോടെ സര്‍ക്കാര്‍ കര്‍ഷകരുടെ നഷ്ടം കുറയ്ക്കാന്‍ ഈ മേഖലകളില്‍ വിവിധ സബ്സിഡികള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

മറുവശത്ത് വ്യാപാര സംഘര്‍ഷങ്ങള്‍ മൂലം ചൈനീസ് കറന്‍സിയായ യുവാന്‍റെ മൂല്യത്തില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു. അമേരിക്കയിലേക്ക് കയറ്റുമതി സാധ്യമാകാതെ വന്നതോടെ ചൈനീസ് ഉല്‍പാദന മേഖല വലിയ തകര്‍ച്ച നേരിട്ടിരുന്നു. വ്യാപാര യുദ്ധത്തിന്‍റെ തീവ്രതയില്‍ കുറവുണ്ടായെങ്കിലും യുദ്ധത്തിന്‍റെ ഭാവി എന്തായിരിക്കുമെന്ന് ഇനിയും കാത്തിരുന്ന് കാണേണ്ടി വരും. 

click me!