ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനേ കൂട്ടി

Published : Aug 13, 2016, 05:49 PM ISTUpdated : Oct 05, 2018, 02:50 AM IST
ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനേ കൂട്ടി

Synopsis

ദുബായ്: വേനല്‍ അവധി കഴിഞ്ഞു പ്രവാസികള്‍ തിരിച്ചെത്താനുള്ള സമയമടുത്തതോടെ വിമാന കമ്പനികള്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കു കുത്തനെ വര്‍ധിപ്പിച്ചു. കേരളത്തില്‍ നിന്നു ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടിയോളമാണു വര്‍ദ്ധന വരുത്തിയിട്ടുള്ളത്. രണ്ടര മാസത്തെ വേനലവധി കഴിഞ്ഞു സെപ്റ്റംബര്‍ പകുതിയോടെ ദോഹയിലേക്കു തിരിച്ചു വരുന്ന മലയാളികളെ പിഴിയാനുള്ള തയാറെടുപ്പിലാണു മിക്ക വിമാന കമ്പനികളും.

സെപ്റ്റംബര്‍ 18നു വേനലവധി കഴിഞ്ഞു സ്‌കൂള്‍ തുറക്കുമ്പോഴേക്കും തിരിച്ചെത്താന്‍ ലക്ഷ്യമിട്ടാണു മിക്ക മലയാളികളും യാത്രയ്‌ക്കൊരുങ്ങുന്നത്. 10നു മുമ്പ് ദോഹയില്‍ തിരിച്ചെത്തിയാല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ആദ്യ ദിവസം തന്നെ കുട്ടികളെ സ്‌കൂളിലേക്കയക്കാനാവും. അതുകൊണ്ടു തന്നെ സെപ്തംബര്‍ ഒന്നു മുതല്‍ പത്തുവരെയുള്ള ദിവസങ്ങളില്‍ എല്ലാ വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്.

കോഴിക്കോട്ട്നിന്നും ദോഹയിലേക്ക് ഈ കാലയളവില്‍ ഒരാള്‍ക്കു യാത്ര ചെയ്യണമെങ്കില്‍ 52000 രൂപയ്ക്ക് മുകളിലാണു ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തു നിന്ന് 48000 വും കൊച്ചിയില്‍ നിന്ന് 47000  രൂപയും ടിക്കറ്റിനായി നല്‍കണം. അതായത് ഭാര്യയും ഭര്‍ത്താവും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന് മടക്ക ടിക്കറ്റിനു മാത്രം രണ്ടുലക്ഷത്തിനു മുകളില്‍ രൂപ നല്‍കിയാല്‍ മാത്രമേ ദോഹയിലേക്ക് വിമാനം കയറാന്‍ കഴിയൂ. വേനലവധി കഴിയുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം യാത്ര തിരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ കൊള്ളയെന്ന് അര്‍ഥം.

വലിയ പെരുനാളിനു മുമ്പ് ദോഹയിലെത്തി സെപ്റ്റംബര്‍ 18 നു സ്‌കൂള്‍ തുറക്കുന്നതിനു  മുമ്പുള്ള  ഒരുക്കങ്ങള്‍ കൂടി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച് ഈ ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിക്കും. ഇതു കണക്കിലെടുത്താണു കമ്പനികള്‍ നേരത്തെ തന്നെ നിരക്ക് വര്‍ധന  പ്രഖ്യാപിച്ചത്. സെപ്തംബര്‍ 10നു ശേഷം തിരിച്ചുവരുന്നവരുടെ എണ്ണം കുറയാനിടയുള്ളതു കൊണ്ട് ഈ ദിവസങ്ങളിലെ ടിക്കറ്റ് നിരക്കില്‍ നേരിയ ഇളവ് ലഭിക്കും.

അതേസമയം വലിയ പെരുന്നാളിനോടനുബന്ധിച്ചു ദോഹയില്‍നിന്നു നാട്ടിലേക്കു പറക്കുന്ന വിമാനങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കിലും അടുത്ത ആഴ്ചയോടെ കാര്യമായ വര്‍ദ്ധന വരുത്തിയേക്കുമെന്നാണു സൂചന. കഴിഞ്ഞ പെരുന്നാളിനു നാട്ടില്‍ കൂടാന്‍ കഴിയാത്ത പ്രവാസികള്‍ ബലിപെരുന്നാളിനെങ്കിലും നാട്ടിലെത്താന്‍ ശ്രമിക്കുമെന്ന കണക്കു കൂട്ടലിലാണ് ഈ വര്‍ദ്ധന.

പ്രവാസി മലയാളികളുടെ പുനരധിവാസം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുമ്പോഴും ഗള്‍ഫ് മലയാളികള്‍ നാട്ടിലേക്ക് പോകുന്ന സമയം കണക്കാക്കിയുള്ള ഈ ആകാശക്കൊള്ളയ്ക്ക് ഇത്തവണയും മാറ്റമൊന്നും ഉണ്ടാകില്ലെന്നുറപ്പാണ്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പുതുവർഷത്തിലേക്ക് കടന്ന ഇന്ത്യക്ക് സന്തോഷ വാർത്ത, ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥ, മറികടന്നത് ജപ്പാനെ, ഇനി ലക്ഷ്യം ജർമനി
പുതുവർഷത്തിൽ പ്രതീക്ഷ നൽകി സ്വർണവില കുറഞ്ഞു; പവന് ഇന്ന് എത്ര നൽകണം?