ജി.വിജയരാഘവന്‍ ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ചു

By Web DeskFirst Published May 17, 2018, 6:01 PM IST
Highlights
  • ധനലക്ഷ്മി ബാങ്കിനോടുള്ള റിസര്‍വ് ബാങ്കിന്‍റെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് രാജി

കൊച്ചി: ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും തിരുവനന്തപുരം ടെക്നോപാര്‍ക്ക് സിഇഒയുമായിരുന്ന ജി. വിജയരാഘവന്‍ ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവച്ചു. ധനലക്ഷ്മി ബാങ്കിനോടുള്ള റിസര്‍വ് ബാങ്കിന്‍റെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് രാജി. 

ബാങ്കിന്‍റെ പുനരുദ്ധാരണ നടപടികളോട് ആര്‍ബിഐയുടെ സമീപനം മേശമാണെന്നാണ് വിജയരാഘവന്‍റെ ആരോപണം. 2017 ഒക്ടോബര്‍ മുതല്‍ ധനലക്ഷ്മി ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലെ സ്വതന്ത്ര അംഗമാണ് അദ്ദേഹം. ധനലക്ഷ്മി ബാങ്കില്‍ നിന്ന് ഒരു കക്ഷിയെടുത്ത വായ്പ കിട്ടാക്കടമായി റിസര്‍വ് ബാങ്ക് കണക്കാക്കി. എന്നാല്‍ ഈ കക്ഷിക്ക് വായ്പ നല്‍കിയ കണ്‍സോഷ്യത്തിന്‍റെ ലീഡ് ബാങ്കിനെ ആര്‍ബിഐ ഒഴിവാക്കിയത് ദുരൂഹമാണെന്നും രാജിക്കത്തില്‍ വിജയരാഘവന്‍ ആരോപിക്കുന്നു.

കേരളത്തിന്‍റേതെന്ന് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പറയാവുന്ന ബാങ്ക് ഇപ്പോള്‍ ധനലക്ഷ്മി മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്കിന്‍റെ നിയന്ത്രണം കൈയ്യടക്കാന്‍ ശ്രമിക്കുന്ന ഗ്രൂപ്പുകളുടെ താല്‍പ്പര്യമനുസരിച്ചാണോ ആര്‍ബിഐ പ്രവര്‍ത്തിക്കുന്നതെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.   

click me!