സ്വര്‍ണത്തിന് വില ഇടിയുന്നു; 10 ദിവസം കൊണ്ട് കുറഞ്ഞത് 1120 രൂപ

By Pranav PrakashFirst Published Dec 12, 2017, 10:50 PM IST
Highlights

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 20,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 55 രൂപ കുറഞ്ഞ് 2,600 രൂപയായി. വന്‍കിട കച്ചവടക്കാരുടെ മത്സരം അതിജീവിക്കാനാണ് വില കുറച്ചതെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ 10 ദിവസം കൊണ്ട്  കേരളത്തില്‍ സ്വര്‍ണത്തിന് കുറഞ്ഞത് 1,120 രൂപയാണ്.

അഞ്ച് മാസത്തിനിടയിലെ താഴ്ന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയിപ്പോള്‍. രാജ്യാന്തര വിപണിയിലും സ്വര്‍ണവില കുറയുന്ന പ്രവണതയാണ് കാണുന്നത്. എങ്കിലും ഒരു ദിവസം ഇത്രയും കുറയുന്നത് അപൂര്‍വ സംഭവമാണെന്ന് വ്യാപാരികള്‍ പറയുന്നു. ഗ്രാമിന് ഇന്ന് മാത്രം കുറഞ്ഞത് 55 രൂപയാണ്. 

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസ്സോസിയേഷനാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില നിശ്ചയിക്കുന്നത്. വന്‍കിട കച്ചവടക്കാര്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് വലിയ തോതില്‍ ഡിസ്‌കൗണ്ട് നല്‍കുന്നത് ചെറുകിട വ്യാപാരികള്‍ക്ക് തിരിച്ചടിയാകുകയാണ്. ഇത് മുന്‍നിര്‍ത്തി ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കാനാണ് സ്വര്‍ണ്ണവില കുറച്ചതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വിശദീകരിക്കുന്നു. 

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറയുന്നതും കേരളത്തില്‍  പ്രതിഫലിക്കുന്നുണ്ട്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,244 ഡോളറാണ് ആഗോള വിപണിയിലെ വില. പത്ത് ദിവസത്തിനുള്ളില്‍ 1,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ കുറഞ്ഞത്. 

click me!