ലോറി ഉടമകളുമായുള്ള ചര്‍ച്ച പരാജയം; കേരളത്തിലേക്കുള്ള ചരക്ക് നീക്കം പ്രതിസന്ധിയില്‍

By Web DeskFirst Published Apr 4, 2017, 6:35 AM IST
Highlights

സംസ്ഥാനത്ത് ചരക്ക് ലോറികളുടെ അനിശ്ചിതകാല സമരം തുടരുന്നു. സമരം തീര്‍ക്കാനായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോരിറ്റി ഹൈദരാബാദില്‍ വിളിച്ചുചേര്‍ത്ത യോഗം സമവായമാകാതെ പിരിഞ്ഞു. ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ലോറിയുടമകള്‍.

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവിനെതിരെ ലോറിയുടമകള്‍ രാജ്യത്താകമാനം സമരം ആരംഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെലവപ്മെന്റ് അതോരിറ്റി മുന്‍കൈയ്യെടുത്ത് ഹൈദരാബാദില്‍ വെച്ച് ചരക്ക് ലോറി ഉടമകളുടെ യോഗം വിളിച്ചത്. പ്രീമിയം കുറയ്ക്കുന്നതിനെ കുറിച്ച് ചര്‍ച്ചയില്‍ തീരുമാനം ആവാതെ വന്നതോടെ സമരം തുടരാനാണ് ലോറി ഉടമകളുടെ തീരുമാനം. ചര്‍ച്ച പരാജയപ്പെട്ടതോടെ പാലക്കാട് വാളയാറിലടക്കം സമരക്കാര്‍ ചരക്ക് വാഹനങ്ങള്‍ തടഞ്ഞു. ദേശീയ പാതയില്‍ പിടിച്ചിട്ട ലോറികള്‍ പൊലീസ് ഇടപെട്ടതിന് ശേഷമാണ് വിട്ടയച്ചത്. സമരം തുടങ്ങി ആറ് ദിവസം പിന്നിട്ടപ്പോഴേക്കും കേരളത്തിലേക്കുള്ള ചരക്ക് നീക്കത്തില്‍ 30 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. സമരം ശക്തമാവുന്നതോടെ ഇത് കൂടുമെന്നാണ് സൂചന.

click me!