2000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കണമെന്ന് കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍

By Web DeskFirst Published Jan 9, 2017, 12:49 PM IST
Highlights

ദില്ലി: ക്യാഷ്‍ലെസ് പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയിലിറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ കമ്പനികളോട് ആവശ്യപ്പെട്ടു. രണ്ടായിരം രൂപയ്ക്ക് താഴെ വിലയുള്ള ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ക്യാഷ്‍ലെസ് പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലടക്കം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്തിക്കുന്നതിനാണ് സര്‍ക്കാറിന്റെ നീക്കം.

മൈക്രോമാക്സ്, ഇന്റക്സ്, ലാവ, കാര്‍ബണ്‍ എന്നീ കമ്പനികളുടെ പ്രതിനിധികളാണ് നീതി ആയോഗ് മുന്‍കൈയ്യെടുത്ത് വിളിച്ച യോഗത്തില്‍ പങ്കെടുത്തതെന്നാണ് സൂചന. വിദേശ കമ്പനികളായ ആപ്പിള്‍, സാംസങ് തുടങ്ങിയവയുടെ പ്രതിനിധികളൊന്നും യോഗത്തില്‍ പങ്കെടുത്തില്ല. ക്യാഷ്‍ലെസ് പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്യുമ്പോഴും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും എത്തിയിട്ടില്ലെന്ന് സര്‍ക്കാറിന് ബോധ്യമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ നീക്കം. വിലകുറഞ്ഞ രണ്ട് കോടിയോളം മൊബൈല്‍ ഫോണുകള്‍ രാജ്യത്തെ വിപണിയിറക്കാനാണ് കമ്പനികളോട് ആവശ്യപ്പെടുന്നത്. ആധാര്‍ അധിഷ്ഠിത പണമിടപാടുകള്‍ കൂടി നടത്താന്‍ പാകത്തില്‍ സാങ്കേതിക സജ്ജീകരണങ്ങളുള്ള ഫോണുകളായിരിക്കണം പുറത്തിറക്കേണ്ടതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഫോണുകള്‍ നിര്‍മ്മിക്കാന്‍ കമ്പനികള്‍ക്ക് സബ്സിഡി നല്‍കാന്‍ ഉദ്ദേശമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

click me!