കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വായ്പാ ആനുകൂല്യങ്ങള്‍ പരിഷ്കരിച്ചു

By Web DeskFirst Published Nov 9, 2017, 10:52 PM IST
Highlights

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട് നിര്‍മ്മിയ്ക്കാന്‍ വായ്പയായി അനുവദിച്ചിരുന്ന തുകയുടെ (എച്ച്.ബി.എ) പരിധി വര്‍ധിപ്പിച്ചു.  നേരത്തെ 7.5 ലക്ഷം രൂപ പരമാവധി വായ്പ നല്‍കിയിരുന്നതാണ് മൂന്ന് ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ച് 25 ലക്ഷമാക്കിയത്. ഏഴാം ശമ്പള കമ്മീഷന്റെ നിബന്ധനകള്‍ അംഗീകരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പരിധി വര്‍ധിപ്പിച്ചിരിക്കുന്നത്.

വീട് നവീകരിക്കുന്നതിനായി പത്ത് ലക്ഷം രൂപയോ പ്രതിമാസ ബേസിക് ശമ്പളത്തിന്റെ 34 ഇരട്ടിയോ (ഏതാണോ ഏറ്റവും കുറവ്) നല്‍കും. നേരത്തെ ഇത് 1.80 ലക്ഷം രൂപയായിരുന്നു. ജീവനക്കാരന് വാങ്ങുകയോ നിര്‍മ്മിക്കുകയോ ചെയ്യാവുന്ന വീടിന്റെ പരമാവധി ചിലവ് 30 ലക്ഷത്തില്‍ നിന്ന് ഒരു കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍ ഇതില്‍ 25 ശതമാനം കൂടി ഇളവ് അനുവദിക്കും. ഭാര്യയും ഭര്‍ത്താവും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ രണ്ട് പേര്‍ക്കും പ്രത്യേകമായോ ഒരുമിച്ചോ ആനുകൂല്യം ലഭിക്കും. നേരത്തെ ഇത് ഒരാള്‍ക്കായി പരിമിതപ്പെടുത്തിയിരുന്നു. ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ഭവന വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് അത് എച്ച്.ബി.എ സ്കീമിലേക്ക് മാറ്റാനുള്ള സൗകര്യവും ലഭിക്കും. 

പലിശ നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ആറ് മുതല്‍ 9.50 ശതമാനം വരെ പലിശ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 8.50 ശതമാനമെന്ന ഒറ്റ പലിശ നിരക്കായിരിക്കും ഈടാക്കുക. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഈ പലിശ നിരക്ക് പരിഷ്കരിക്കും. 

click me!