രാജ്യത്ത് നാണയങ്ങളുടെ ഉല്‍പ്പാദനം നിര്‍ത്തി

By Web DeskFirst Published Jan 10, 2018, 2:32 PM IST
Highlights

ദില്ലി: കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള നാണയ നിര്‍മ്മാണ കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. രാജ്യത്ത് നോയിഡ, മുംബൈ, കോല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഇനിയും നാണയം സൂക്ഷിച്ചുവെയ്ക്കാന്‍ സ്ഥലമില്ലാത്തത് കൊണ്ടാണ് ജനുവരി എട്ട് മുതല്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചത്. 

ഒരു രൂപയുടേത് ഒഴികെയുള്ള നോട്ടുകള്‍ നേരിട്ട് റിസര്‍വ് ബാങ്കാണ് അച്ചടിക്കുന്നതെങ്കിലും നാണയങ്ങളുടെ കാര്യം അങ്ങനെയല്ല. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള നാണയ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച ശേഷം വിതരണത്തിനായി റിസര്‍വ് ബാങ്കിന് കൈമാറുകയാണ് പതിവ്. നിലവില്‍ 2500 മില്യണ്‍ നാണയങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ടെങ്കിലും ഇവ റിസര്‍വ് ബാങ്ക് ഏറ്റെടുത്തിട്ടില്ല. കൂടുതല്‍ നാണയങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തത് കൊണ്ട് അടിയന്തരമായി ഉല്‍പ്പാദനം നിര്‍ത്താന്‍ നാല് യൂണിറ്റുകളുടെയും ജനറല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. നാണയങ്ങള്‍ക്ക് നിലവില്‍ ക്ഷാമില്ലാത്തതിനാലും സംഭരണശേഷി നിറയുന്ന തരത്തില്‍ സ്റ്റോക്ക് ഉള്ളതിനാലും തല്‍ക്കാലത്തേക്ക് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമുണ്ടാവില്ലെന്നാണ് സര്‍ക്കാറും റിസര്‍വ് ബാങ്കും പറയുന്നത്. 

click me!