
ഡിജിറ്റല്‍ കറന്‍സി ബിറ്റ് കോയിന്‍ ഇടപാട് നടത്തുന്നവരെ ആദായ നികുതി വകുപ്പ് ലക്ഷ്യമിടുന്നു. വലിയ ഇടപാട് നടത്തുന്ന അഞ്ച് ലക്ഷം പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കും. ബിറ്റ് കോയിന്‍ നിക്ഷേപകര്‍ മൂലധന വര്‍ധനയ്‌ക്കു നികുതി നല്‍കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
ബിറ്റ് കോയിന്‍ ഇടപാട് നടത്തുന്ന സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് കഴിഞ്ഞയാഴ്ച സര്‍വ്വേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. രാജ്യത്ത് ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്കായി 20 ലക്ഷം പേര്‍ ഔദ്ദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവരില്‍ അഞ്ച് ലക്ഷത്തോളം പേര്‍ സജീവമാണെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ നിന്ന് വലിയ വരുമാനം നേടിയവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ആദായ നികുതി വകുപ്പ് നോട്ടീസയച്ചിരിക്കുന്നത്. ബിറ്റ് കോയിന്‍ ഇടപാടിലൂടെ നേടിയ വരുമാനത്തിന് മൂലധന നേട്ട നികുതി നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം.
ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് അംഗീകാരമോ നിയമസാധുതയോ നല്‍കാത്തതിനാല്‍ സാധ്യമായ മാര്‍ഗങ്ങളിലൂടെ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നിയന്ത്രിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായാണ് രാജ്യത്തെ ബിറ്റ്‍കോയിന്‍ ഇടപാടുകാരെ കണ്ടെത്താനുള്ള നീക്കം. ബാങ്ക് അക്കൗണ്ട് മുഖേന ബിറ്റ് കോയിന്‍ ഇടപാട് നടത്തുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പിടിവീണതെന്നാണ് സൂചന. നോട്ട് അസാധുവാക്കലിന് ശേഷം കള്ളപ്പണം ബിറ്റ് കോയിനിലേക്ക് വഴിമാറിയോ എന്ന് പരിശോധിക്കാനുള്ള നീക്കവും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ട്. അതേസമയം ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്ക് ഒരു കേന്ദ്രമോ ഏജന്‍സിയോ ഇല്ലാത്തതിനാല്‍ ഒരുപരിധിക്കപ്പുറം നിയന്ത്രണം സാധ്യമാകില്ലെന്നാണ് ഒരു വിഭാഗം വിദഗ്ദരുടെ പക്ഷം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.