2000 രൂപ നോട്ടിന്‍റെ അച്ചടി നിർത്തിയെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Jan 3, 2019, 7:34 PM IST
Highlights

കള്ളപ്പണം വെളുപ്പിക്കാനും, നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപ നോട്ടുകൾ വലിയ തോതില്‍ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടി നിർത്തിവെച്ചിരിക്കുന്നത് എന്നാണ് സൂചന

ദില്ലി: റിസർവ് ബാങ്ക് 2000 രൂപ നോട്ട് പ്രിന്‍റ് ചെയ്യുന്നത് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്‍റിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്നാണ് വിവരം ലഭിച്ചത് എന്നാണ് ദ പ്രിന്‍റ് പറയുന്നത്.

കള്ളപ്പണം വെളുപ്പിക്കാനും, നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപ നോട്ടുകൾ വലിയ തോതില്‍ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടി നിർത്തിവെച്ചിരിക്കുന്നത് എന്നാണ് സൂചന. എന്നാൽ 2000 രൂപയുടെ നോട്ട് അസാധുവാക്കിയെന്ന്  ഇതിന് അര്‍ത്ഥമില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2000 രൂപയുടെ കറൻസി നോട്ടുകൾ അവതരിപ്പിക്കുന്നത് പോലുള്ള കാര്യങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ നോട്ടുനിരോധനം കുറച്ചുകൂടി ഫലപ്രദമായിരുന്നേനെ എന്ന് 2018 ൽ ബാങ്കർ ഉദയ് കൊട്ടക് പറഞ്ഞിരുന്നു.
നേരത്തെ 2000 രൂപയുടെ നോട്ട് അസാധുവാക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 

എന്നാൽ അത്തരമൊരു നീക്കം ഉണ്ടാവില്ലെന്നും 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കി. 2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് 2000 നോട്ട് നിലവില്‍ വന്നത്.

മാര്‍ച്ച് 2018ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 18.03 ലക്ഷം കോടി രൂപയാണ് വിനിമയത്തില്‍ ഉള്ളത്. ഇതില്‍ 6.73 ലക്ഷം കോടി രൂപ 2000 നോട്ടിലാണ് വിനിമയം ചെയ്യപ്പെടുന്നത്. ഇത് മൊത്തം വിനിമയം ചെയ്യുന്ന പണത്തിന്‍റെ 37 ശതമാനം വരും.

click me!