ഇറാനില്‍ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യത്തിലേക്ക് മാറിയതും സ്വര്‍ണത്തിന് കരുത്തായി.

യുഎസ് ഫെഡറല്‍ റിസര്‍വിനെതിരെ നീതിന്യായ വകുപ്പ് ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചതും ഇറാനിലെ ആഭ്യന്തര കലാപം രൂക്ഷമായതും ആഗോള വിപണിയില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തിച്ചു. ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,600 ഡോളറിന് അടുത്തെത്തി. തിങ്കളാഴ്ച വ്യാപാരത്തിനിടെ 1.7 ശതമാനം വര്‍ധിച്ച് 4,585.39 ഡോളറിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഗ്രാമിന് 800 രൂപ ഉയര്‍ന്ന് 13,030 രൂപയും പവന് 1,04,240 രൂപയുമായി

ഫെഡറല്‍ റിസര്‍വ് ആസ്ഥാനത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ജൂണില്‍ കോണ്‍ഗ്രസില്‍ നല്‍കിയ മൊഴിയില്‍ ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന് നീതിന്യായ വകുപ്പ് നടപടി ആരംഭിച്ചതാണ് വിപണിയെ ഞെട്ടിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പവലും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെയുണ്ടായ ഈ നീക്കം യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്ക നിക്ഷേപകര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.

ഇറാനില്‍ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യത്തിലേക്ക് മാറിയതും സ്വര്‍ണത്തിന് കരുത്തായി. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് വില കൂടാന്‍ കാരണം. ഇതിന് പുറമെ ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളും നാറ്റോ സഖ്യത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ചോദ്യങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യം സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.

യുഎസിലെ തൊഴില്‍ കണക്കുകള്‍ പ്രതീക്ഷിച്ചതിലും താഴെ പോയതും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചു. പലിശ നിരക്ക് കുറയുന്നത് സ്വര്‍ണം പോലുള്ള നിക്ഷേപങ്ങള്‍ക്ക് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മുന്നേറ്റമാണ് ദൃശ്യമാകുന്നത്.

വെള്ളി വിലയിലും വന്‍ വര്‍ധനയുണ്ടായി. 4.6 ശതമാനം വര്‍ധനയോടെ വെള്ളി വില സര്‍വകാല റെക്കോര്‍ഡിന് തൊട്ടടുത്തെത്തി. പ്ലാറ്റിനം, പ ലാഡിയം എന്നിവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ട്രംപിന്റെ ഇറക്കുമതി തീരുവകള്‍ക്കെതിരായ ഹര്‍ജിയില്‍ യുഎസ് സുപ്രീം കോടതി ബുധനാഴ്ച വിധി പറയും. വിധി ട്രംപിന് എതിരായാല്‍ അത് നിലവിലെ യുഎസ് സാമ്പത്തിക നയങ്ങളെ കാര്യമായി ബാധിച്ചേക്കാം