ജിഎസ്‌ടി കേരളത്തിനു നല്ലത്; ഖജനാവിലേക്കു കൂടുതല്‍ പണം എത്തും

By Asianet NewsFirst Published Aug 3, 2016, 4:24 PM IST
Highlights

ദില്ലി: രാജ്യത്തു ചരക്കു സേവന നികുതി നിലവില്‍ വരുന്നതു കേരളം ഉള്‍പ്പടെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കു നേട്ടമാകും. ഉത്പാദക സംസ്ഥാനങ്ങളെക്കാള്‍ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കു നികുതി പിരിക്കാനുള്ള അവകാശം കേരള ഖജനാവിലേക്കു കൂടുതല്‍ പണമെത്തിക്കും. ചരക്ക് സേവന നികുതിയുടെ പരിധിയില്‍നിന്നു മദ്യം, പുകയില, പെട്രോളിയം ഉല്പാനങ്ങളെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒറ്റ നികുതി എന്ന സംവിധാനമാണു ചരക്ക് സേവന നികുതി. അന്തര്‍സംസ്ഥാന വിനിമയങ്ങളില്‍ കേന്ദ്ര ജിഎസ്‌ടിയും, സംസ്ഥാന വിനിമയങ്ങളില്‍ സംസ്ഥാന ജി‌എസ്‌ടിയും നിലവില്‍ വരും. അന്തര്‍സംസ്ഥാന വിനിമയങ്ങളില്‍ ഏത് സംസ്ഥാനത്താണോ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത് അവിടെ നികുതി നല്‍കിയാല്‍ മതി. ആ സംസ്ഥാനത്തിനു നികുതി വിഹിതം കിട്ടുകയും ചെയ്യും. അതുപ്രകാരം പുതിയ ചരക്ക് സേവന നികുതി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു വലിയ നേട്ടമാകും.

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ ഇതു വലിയ വര്‍ദ്ധനയുണ്ടാക്കും. ഇതിലൂടെ ഉത്പാദക സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം അഞ്ചു വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നികത്തും. ചരക്കു സേവന നികുതി വരുന്നതോടെ വാറ്റ്, വില്പന നികുതി, വിനോദ നികുതി, ആഡംബര നികുതി, ലോട്ടറി നികുതികള്‍, സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസ്സുകള്‍, സര്‍ച്ചാര്‍ജുകള്‍ എന്നിവ ഇല്ലാതാകും. അതേസമയം മദ്യം, പുകയില, വിവിധ പെട്രോളിയം ഉല്പന്നങ്ങള്‍ എന്നിവയെ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ നിന്ന് തല്‍ക്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്.

പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങള്‍ക്കുള്ള നിലവിലുള്ള ഇളവുകള്‍ തുടരും. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള നികുതി പങ്കിടല്‍, നികുതി നിരക്കുകള്‍ എന്നിവ ദേശീയതലത്തില്‍ രൂപീകരിക്കുന്ന ധനമന്ത്രി അധ്യക്ഷനായ കൗണ്‍സില്‍ തീരുമാനിക്കും. പുതിയ നികുതി സംവിധാനം വരുമ്പോള്‍ ഉത്പാദക സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ഒരു ശതമാനം അധിക നികുതി ചുമത്താനുള്ള ബില്ലിലെ വ്യവസ്ഥ പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് ഒഴിവാക്കി.
 

click me!