ജിഎസ്ടി : ഹജ്ജ് യാത്രക്കാര്‍ക്ക് വിമാനയാത്ര നിരക്കില്‍ വന്‍ ഇളവ്

By Web TeamFirst Published Dec 23, 2018, 10:14 PM IST
Highlights

18 ശതമാനം ജിഎസ്ടിയായിരുന്നു  നേരത്തെ ഇതിന് ചുമത്തിയിരുന്നത്. ഇതോടെ GST നികുതി നിരക്കില്‍ 13 ശതമാനത്തിന്‍റെ കുറവാണ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നത്. 

തിരുവനന്തപുരം: തീര്‍ത്ഥാടക ആവശ്യങ്ങള്‍ക്കുളള ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്ര നിരക്കിന്‍റെ GST അഞ്ച് ശതമാനത്തിലേക്ക് താഴ്ത്തിയത് ഹജ്ജ് യാത്രക്കാര്‍ക്ക്  ആശ്വാസമാകും. 18 ശതമാനം ജിഎസ്ടിയായിരുന്നു  നേരത്തെ ഇതിന് ചുമത്തിയിരുന്നത്. ഇതോടെ GSTനികുതി നിരക്കില്‍ 13 ശതമാനത്തിന്‍റെ കുറവാണ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നത്. 

കഴിഞ്ഞ തവണ രാജ്യത്തെ വിവിധ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നുളള ശരാശരി വിമാന ടിക്കറ്റ് ഏകദേശം 65,000 രൂപയോളമായിരുന്നു. അതിനോട് 18 ശതമാനം GST കൂടി വരുമ്പോള്‍ നിരക്കിനോടൊപ്പം അധികമായി 11,700 രൂപ അധികമായി നല്‍കണമായിരുന്നു. എന്നാല്‍, നിരക്ക് അഞ്ച് ശതമാനമാകുമ്പോള്‍ വിമാന ടിക്കറ്റിന് ജിഎസ്ടിയായി 3,250 രൂപ നല്‍കിയാല്‍ മതി.  അതായത് കഴിഞ്ഞ പ്രാവശ്യത്തെ നിരക്ക് വച്ച് കണക്ക് കൂട്ടിമ്പോള്‍ 8,450 രൂപയുടെ ലാഭം ഇതിലൂടെ ലഭിക്കും.

ഹജ്ജ്  കമ്മിറ്റിക്ക് കീഴില്‍ 1.25 ലക്ഷം തീര്‍ത്ഥാടകരാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജ് യാത്ര നടത്തുന്നത്. ഹജ്ജ് സബ്സിഡി  ഇല്ലാതാക്കുകയും 18 ശതമാനം GST ഉള്‍പ്പെടുത്തുകയും ചെയ്തതോടെ കഴിഞ്ഞ വര്‍ഷം ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ദ്ധന ഉണ്ടായിരുന്നു. ദില്ലിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. 

click me!