ചരക്ക് സേവ നികുതിവരുമാനം; കേന്ദ്ര നിലപാട് കേരളം തള്ളി

By Web DeskFirst Published Jan 4, 2017, 11:47 AM IST
Highlights

നികുതി പിരിക്കുന്നതിലും നിയന്ത്രണത്തിലും സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടര്‍ന്നതിനാല്‍ എട്ടാം ജിഎസ്ടി കൗണ്‍സില്‍ യോഗവും അലസി. നികുതി വരുമാനത്തില്‍ 50 ശതമാനം കേന്ദ്രത്തിനും 50 ശതമാനം സംസ്ഥാനത്തിനും എന്ന കേന്ദ്ര നിലപാടിനെതിരെ കേരളം പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ചു. 

സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനവും കേന്ദ്രത്തിന്  40 ശതമാനവുമെന്ന കേരള നിര്‍ദ്ദേശംത്തെ ഡല്‍ഹി, പശ്ചിമബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും പിന്തുണച്ചതോടെ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഈ മാസം 16ലെ ഒമ്പതാം ജിഎസ്ടി കൗണ്‍സിലിലേക്ക് മാറ്റി. ഒന്നരക്കോടിക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ളവരുടെ നികുതി പരിക്കിക്കാനുള്ള അവകാശം പങ്കിടാമെന്ന കേന്ദ്ര നിലപാട് തള്ളിയ സംസ്ഥാനങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

നികുതി സംസ്ഥാനങ്ങള്‍ക്ക് മാത്രമാക്കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. സമുദ്രതീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈലിനകത്ത് നിലയുറപ്പിക്കുന്ന കപ്പലുകളിലെ ചരക്കുകള്‍ക്കും ഇന്ധനത്തിനും ഉള്ള നികുതിയും വിട്ടു നല്‍കാനാകില്ലെന്ന് സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി നിലപാടെടുത്തു. ഇതോടെ ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കാനാകില്ലെന്ന് ഉറപ്പായതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 16ലെ കൗണ്‍സില്‍ യോഗത്തില്‍ സമവായത്തിലെത്തി സെപ്റ്റംബറിന് മുന്പ് ചരക്ക് സേവന നികുതി യാഥാര്‍ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.


 

click me!