
ദില്ലി: എല്ലാ ഗാര്‍ഹിക ഉപകരണങ്ങളുടേയും നികുതി 18 ശതമാനമാക്കി നിജപ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന 28-ാം ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ടി.വി, ഫ്രിഡ്ജ്,വാക്വംക്ലീനര്‍, ഗ്രെയിന്റര്‍,ഹെയര്‍ ഡ്രെയര്‍ എന്നിവയുടെയെല്ലാം നികുതി ഇനി 18 ശതമാനമായി കുറയും.
ആര്‍ത്തവകാലത്ത് ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിനുകളുടെ 12 ശതമാനം ജിഎസ്ടി നികുതി പൂര്‍ണമായും എടുത്തു കളയാനും ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. ഏറെ വിമര്‍ശനങ്ങളും വിവാദങ്ങളുമുണ്ടാക്കിയ തീരുമാനയമായിരുന്നു ഇത്.
മുളയുല്‍പന്നങ്ങള്‍ക്ക് ഈടാക്കായിരുന്ന 12 ശതമാനം ജിഎസ്ടി നികുതിയും പൂര്‍ണമായും എടുത്തുകളഞ്ഞിട്ടുണ്ട്. മുളയുല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പരമ്പാരഗത തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഈ തീരുമാനം ഗുണപ്രദമാക്കും. ചെറിയ കരകൗശല ഉല്പന്നങ്ങളുടെ നികുതിയും പൂര്‍ണമായും ഒഴിവാക്കി. സൗന്ദര്യവര്‍ധകവസ്തുകള്‍, പെര്‍ഫ്യൂ എന്നിവയുടെ നികുതി 28 ശതമാനത്തില്‍ നിന്നും 18 ആക്കി കുറച്ചിട്ടുണ്ട്.
പെയിന്റ് ഉല്‍പന്നങ്ങളുടെ ജിഎസ്ടി 28-ല്‍ നിന്നും 18 ആയി കുറയ്ക്കാനുള്ള തീരുമാനം നിര്‍മ്മാണമേഖലയ്ക്ക് ആശ്വാസമേക്കും. കൈത്തറി കാര്‍പെറ്റ്, ഫ്‌ളോര്‍ ക്‌ളോത്ത് തുടങ്ങിയവയുടെ നികുതി 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കി കുറച്ചു. പോളീഷ് ചെയ്യാത്ത മാര്‍ബിള്‍ കല്ലുകള്‍, ഇറക്കുമതി ചെയ്യുന്ന യൂറിയയുടെ നികുതി എന്നിവയും അഞ്ച് ശതമാനമാക്കിയിട്ടുണ്ട്.
ജിഎസ്ടി കൂടുതല്‍ ലളിതമാക്കുന്നതിനായി ജിഎസ്ടി ആക്ടില്‍ ഭേദഗതി കൊണ്ടു വരുമെന്ന് ജിഎസ്ടി കൗണ്‍സിലിലെ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് ധനമന്ത്രാലയത്തിന്റെ താല്‍കാലിക ചുമതല വഹിക്കുന്ന മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. പുതിയ തീരുമാനങ്ങള്‍ ജൂലൈ 27 മുതല്‍ നിലവില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.