
ദുബായ്: കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംസ്ഥാനത്ത് കിട്ടുന്ന സമ്പത്ത് മാത്രം മതിയാകാതെ വന്നപ്പോഴാണ് രണ്ട് പതിറ്റാണ്ടുകള്‍ മുന്‍പ് ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള ഫണ്ട് ശേഖരണം ആരംഭിച്ചത്. ധനസമാഹരണത്തിന് സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ചിലര്‍ക്ക് ചുമതല നല്കി. ഈ നേതാക്കള്‍ക്കിടയിലെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ പിന്നീട് കേരളരാഷ്ട്രീയത്തെ സ്വാധീനിച്ചു.
മൂന്നു വഴികളാണ് പണം ഉണ്ടാക്കാന്‍ ഇവര്‍ സ്വീകരിക്കുന്നത്. ഒന്ന് നേതാക്കള്‍ നേരിട്ടെത്തിയാണ്. സംഭാവന പറഞ്ഞുറപ്പിച്ച് കൂടുതല്‍ തുക നല്കുന്നവരുടെ വീട്ടില്‍ നേരിട്ടെത്തിയാണ് നേതാക്കള്‍ ഫണ്ട് ശേഖരിക്കുക. രണ്ട് കേരളത്തില്‍ നടക്കുന്ന ഇടപാടുകളുടെ പ്രതിഫലം ഗള്‍ഫില്‍ നല്കുന്നു. അത് പാര്‍ട്ടികളുമായി ബന്ധമുള്ളവരുടെ എന്‍ആര്‍ഐ അക്കൗണ്ട് മുഖേനയും ഹവാല മാര്‍ഗ്ഗത്തിലും കേരളത്തില്‍ തിരിച്ചെത്തുന്നു. മൂന്നാമത് ബന്ധുക്കളുടെ കമ്പനികള്‍ ഗള്‍ഫില്‍ തുടങ്ങുന്നു. ഒറ്റമുറിയിലും വലിയ വികസനമില്ലാത്ത മേഖലകളിലും ഒക്കെ പ്രവര്‍ത്തിക്കുന്ന ഓഫീസുണ്ടാവും. വലിയ പ്രവര്‍ത്തനമൊന്നും ഇല്ലെങ്കിലും കമ്പനിക്ക് വരുമാനം ഉണ്ടാകും. നാട്ടിലേക്ക് പണവും എത്തും
പാര്‍ട്ടിക്കായി പണപിരിവിന് നേതൃത്വം നല്‍കിയ ഒരു വ്യക്തിക്കെതിരെ ഗള്‍ഫിലെ അണികള്‍ അഞ്ചു വര്‍ഷം മുമ്പ് പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രമുഖന് അനുകൂലമായി തീരുമാനമെടുത്ത പാര്‍ട്ടി നാട്ടില്‍ വലിയ സ്ഥാനവും നല്‍കി. ഇപ്പോഴത്തെ നേതാക്കളുടെ മക്കള്‍ക്കെതിരെ വിവാദം കൊഴുക്കുമ്പോള്‍ ചടയന്‍ ഗോവിന്ദന്‍, അഴീക്കോടന്‍ രാഘവന്‍ തുടങ്ങിയവരുടെ മക്കള്‍ക്കു ഗള്‍ഫില്‍ പിടിച്ചുനില്‍ക്കാനാകാതെ കുഴങ്ങിയതിന്റെ കഥയും ഇവിടുത്തെ സാധാരണ പാര്‍ട്ടി അംഗങ്ങളുടെ ഓര്‍മ്മയിലുണ്ട്.
സൈന്‍ ഓഫ് സാമ്പത്തിക തട്ടിപ്പുകേസില്‍ ബിനോയി കോടിയേരിക്കെതിരായ കേസ് ഒത്തു തീര്‍പ്പായെങ്കിലും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഗള്‍ഫ് ബന്ധങ്ങള്‍ പലപ്പോഴും പരാതിക്കിടയാക്കിയിട്ടുണ്ട്.കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ഒരു വിഭാഗം നേതാക്കളും ധനസമ്പാദനത്തിന് ഗള്‍ഫ് മേഖലയെ ആശ്രയിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവരുന്ന തട്ടിപ്പുകള്‍. സമ്പത്ത് മുഖ്യലക്ഷ്യമായപ്പോള്‍ ഇടതുപക്ഷത്ത ശക്തമായി പിന്തുണച്ചിരുന്ന അടിസ്ഥാനവര്‍ഗ്ഗത്തെയും നേതാക്കള്‍ മാറ്റി നിറുത്തി എന്നാണ് പരാതി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.