
ദില്ലി: ഇന്ത്യയില്‍ ആകെ 24.5 കോടി പാചക വാതക കണക്ഷനുകളുണ്ട്. അവയില്‍ രണ്ട് കോടി കണക്ഷനുകള്‍ക്ക് സബ്സിഡി ലഭിക്കാന്‍ യോഗ്യതയില്ല. ഒരു കോടിയിലേറെ ഗുണഭോക്താക്കള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ആഹ്വാന പ്രകാരം സബ്സിഡി ഉപേക്ഷിച്ചവരാണ്.
പാചക വാതക കണക്ഷന്‍ എടുക്കാന്‍ ബുദ്ധിമുട്ടുളള പാവപ്പെട്ടവര്‍ക്കായി സബ്സിഡി നല്‍കാനുളള മികച്ച ആശയത്തിന്‍റെ ഭാഗമായിരുന്നു ഈ ആഹ്വാനം. എന്നാല്‍, രൂപയുടെ മൂല്യത്തകര്‍ച്ചയും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ദ്ധനവുണ്ടാവുകയും ചെയ്തത് പാചക വാതക വില ഉയര്‍ത്തി. ഇതോടെ സബ്സിഡി ഉപേക്ഷിച്ചവര്‍ കൂട്ടത്തോടെ വെട്ടിലായി. പാചക വാതക സിലണ്ടുകളുടെ വില വലിയ തോതില്‍ ഉയര്‍ന്നതോടെ സബ്സിഡി ഉപേക്ഷിച്ചവര്‍ വിപണി വില നല്‍കേണ്ട സ്ഥിതിയാണിപ്പോള്‍.
സബ്സിഡിയില്ലാത്ത സിലണ്ടറിന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് 389 രൂപയാണ് വില ഉയര്‍ന്നത്. അതായത് ഒരു സിലണ്ടറിന് 79 ശതമാനം വില വര്‍ദ്ധിച്ചു. രണ്ട് വര്‍ഷം മുന്‍പ് 62.9 രൂപയായിരുന്ന പാചക വാതക സബ്സിഡി ഇപ്പോള്‍ 376.6 രൂപയാണ്, സബ്സിഡിയിലുണ്ടായ വര്‍ദ്ധനവ് ആറ് മടങ്ങാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
സബ്സിഡി തിരികെ ലഭിക്കാന്‍
ഇതോടെ സബ്സിഡി ഉപേക്ഷിച്ചവരില്‍ പലര്‍ക്കും അത് തിരികെക്കിട്ടിയാല്‍ കൊള്ളാമെന്ന അവസ്ഥ വന്നു. ചെറിയ ചില നടപടിക്രമങ്ങളിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ പാചക വാതക സബ്സിഡി ഇപ്പോള്‍ പുനസ്ഥാപിക്കാവുന്നതേയൊളളൂ. നിങ്ങളുടെ വാര്‍ഷിക വരുമാന പരിധി 10 ലക്ഷമോ അതിന് താഴെയോ ആണെന്ന സത്യവാങ്മൂലം അടക്കം സബ്സിഡി പുനസ്ഥാപിച്ചു തരാന്‍ ഏജന്‍സിയില്‍ അപേക്ഷ നല്‍കിയാല്‍ സബ്സിഡി പുനസ്ഥാപിച്ച് ലഭിക്കും. അപേക്ഷയോടൊപ്പം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കണം.