ഇന്ത്യയിലെ യുവാക്കളില്‍ 30 ശതമാനം തൊഴില്‍ രഹിതര്‍

By Vipin PanappuzhaFirst Published Mar 6, 2017, 11:41 AM IST
Highlights

ദില്ലി: ഇന്ത്യയിൽ തൊഴിൽരഹിതർ കൂടുന്നതായി റിപ്പോര്‍ട്ട്. ആഗോള ഏജന്‍സിയായ ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോർപറേഷൻ ആൻഡ് ഡെവലപ്മെന്‍റ് (ഒഇസിഡി) നടത്തിയ പഠന റിപ്പോർട്ടിലാണ് ഇത് പറയുന്നത്. 15നും 29നുമിടയിൽ പ്രായമുള്ള 30% യുവാക്കളും തൊഴിൽ രഹിതരാണ്. അയൽക്കാരായ ചൈനയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് മൂന്നു മടങ്ങ് ഇരട്ടിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ സങ്കീർണവും താരതമ്യേന കർശനവുമാണെന്നതാണ് തൊഴിലില്ലായ്മ വർധിക്കാനുള്ള പ്രധാന കാരണായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ചൈനയിൽ 11.22 ശതമാനം യുവജനങ്ങൾക്കാണ് തൊഴിലില്ലാത്തതെന്ന് പഠനം പറയുന്നു. 14.04 ശതമാനം തൊഴിൽ രഹിതരായ യുവാക്കളുള്ള റഷ്യയാണ് പട്ടികയിൽ പിന്നെ വരുന്നത്. ബ്രസീലിൽ 19.96 ശതമാനവും കൊളംബിയയിൽ 20.30 ശതമാനം യുവാക്കൾക്കും തൊഴിലില്ല. 23.24 ശതമാനം തൊഴിൽ രഹിതരുള്ള ഇന്തോനേഷ്യയാണ് ഇന്ത്യയ്ക്ക് തൊട്ടുമുൻപിലുള്ളത്. 36.65 ശതമാനം തൊഴിൽരഹിതരായ യുവാക്കളുള്ള ദക്ഷിണാഫ്രിക്കയുടെ സ്ഥിതി ഇന്ത്യയേക്കാൾ മോശമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 
 

click me!