രാജ്യത്തെ പത്രം വായിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

By Web DeskFirst Published Jan 20, 2018, 6:12 PM IST
Highlights

മുംബൈ: രാജ്യത്ത് 12 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 39 ശതമാനം പേരും പത്രം വായിക്കുന്നുണ്ടെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഏറ്റവും പുതിയ ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വ്വേയിലാണ് ഈ വിവരമുള്ളത്. രാജ്യത്തെ 40.7 കോടി ജനങ്ങള്‍ പത്രം വായിക്കുന്നവരാണെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്. 2014-ല്‍ ഇത് 29.5 കോടിയായിരുന്നു. 11 കോടിയിലേറെ പേരുടെ വര്‍ധനയാണ് മൂന്ന് വര്‍ഷം കൊണ്ടുണ്ടായിരിക്കുന്നത്. .

നഗരപ്രദേശങ്ങളില്‍ 53 ശതമാനം പേരും പത്രം വായിക്കുമ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ ഇത് 31 ശതമാനമാണ്. വാര്‍ത്തമാധ്യമരംഗത്തേക്ക് കൂടുതല്‍ പ്രസാധകര്‍ വന്നതോടെയാണ് വായനക്കാരുടെ എണ്ണവും കൂടിയതെന്നാണ് സര്‍വേയില്‍ പറയുന്നത്. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടത് ഗ്രാമമേഖലകളില്‍ പത്രമാധ്യമങ്ങളുടെ പ്രചാരം വര്‍ധിപ്പിച്ചു. നഗരമേഖലകളിലെ പത്രവായനക്കാരില്‍ അന്‍പത് ലക്ഷത്തിലേറെ പേരും ഓണ്‍ലൈനായി പത്രം വായിക്കുന്നവരാണ്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും രാജ്യത്തെ പത്രവായനക്കാരുടെ എണ്ണം കാര്യമായി വര്‍ധിച്ചു വരികയാണെന്നാണ് സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

ഭാഷാ അടിസ്ഥാനത്തില്‍ ഹിന്ദി പത്രങ്ങളുടെ വായനക്കാരുടെ എണ്ണം മൂന്ന് വര്‍ഷം കൊണ്ട് 45 ശതമാനം വര്‍ധിച്ച് 17.6 കോടിയായി ഉയര്‍ന്നു. രാജ്യത്തെ ഇംഗ്ലീഷ് പത്രങ്ങളുടെ വായനക്കാരുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനയാണ് 2014-ന് ശേഷമുണ്ടായത്. എന്നാല്‍ ഏറ്റവും കൂടുതല്‍ പത്രവായനക്കാര്‍ വര്‍ധിച്ചിരിക്കുന്നത് ഒറിയ ഭാഷയിലാണ്. 83 ശതമാനം വര്‍ധനയാണ് മൂന്ന് വര്‍ഷം കൊണ്ട് അവിടെ ഉണ്ടായത്. 

ബംഗാളി ഭാഷയിലാണ് ഏറ്റവും കുറവ് പ്രചാരവര്‍ധനവ് രേഖപ്പെടുത്തിയത് 9 ശതമാനം. മലയാളം പത്രങ്ങളുടെ പ്രചാരം മൂന്ന് വര്‍ഷം കൊണ്ട് 19 ശതമാനം വര്‍ധിച്ചു. മറ്റു പ്രാദേശിക മാധ്യമങ്ങളെല്ലാം 40 ശതമാനത്തിലേറെ വായനക്കാരെ കണ്ടെത്തി. ഗുജറാത്തി-45,കന്നഡ-37,തെലുങ്ക്-63 എന്നിങ്ങനെയാണ് മറ്റു ഭാഷാ ദിനപത്രങ്ങളുടെ പ്രചാരത്തിലുണ്ടായ വര്‍ധനവ്.

പുതിയ കണക്കുകള്‍ അനുസരിച്ച് ഹിന്ദി പത്രമായ ദൈനിക് ജാഗരണ്‍ ആണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുന്നത്. 7.03 കോടി പേരാണ് ദൈനിക് ജാഗരണിന്റെ വായനക്കാര്‍. ഇംഗ്ലീഷ് പത്രങ്ങളില്‍ 1.30 കോടി വായനക്കാരുള്ള ടൈംസ് ഓഫ് ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ ടുഡേ, ജനറല്‍ നോളേജ് ടുഡേ, സ്‌പോര്‍സ് സ്റ്റാര്‍ എന്നിവയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഇംഗ്ലീഷ് മാഗസിനുകള്‍. 

മലയാളം പത്രങ്ങളില്‍ മലയാളമനോരമ, മാതൃഭൂമി, ദേശാഭിമാനി, മാധ്യമം, കേരളകൗമുദി എന്നിവയാണ് പ്രചാരത്തില്‍ ആദ്യ അഞ്ചില്‍ നില്‍ക്കുന്നത്. വനിത, മാതൃഭൂമി ആരോഗ്യമാസിക,മാതൃഭൂമി തൊഴില്‍ വാര്‍ത്ത, ഗൃഹലക്ഷ്മി, ബാലരമ എന്നിവയാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന മാസികകള്‍.
 

click me!