രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ പണം കൈമാറിയാല്‍ അത്രയും തുക പിഴയടയ്ക്കണം

By Web DeskFirst Published Jun 3, 2017, 5:09 PM IST
Highlights

ദില്ലി: രാജ്യത്ത് രണ്ട് ലക്ഷമോ അതില്‍ കൂടുതലോ ഉള്ള തുക പണമായി കൈമാറരുതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഇങ്ങനെ പണം കൈമാറുന്നത് പിടിക്കപ്പെട്ടാല്‍ വാങ്ങിയ വ്യക്തി അത്രയും തുക പിഴയടക്കേണ്ടി വരുമെന്നും കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. ആരെങ്കിലും ഇത്തരത്തില്‍ പണം കൈമാറുന്നത് ശ്രദ്ധയില്‍പെടുകയോ വിവരം ലഭിക്കുകയോ ചെയ്താല്‍ പൊതജനങ്ങള്‍ blackmoneyinfo@incometax.gov.in എന്ന ഇ-മെയില്‍ വിലാസത്തിലൂടെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

2017ലെ ധനകാര്യ നിയമപ്രകാരം രാജ്യത്ത് രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ പണം കൈമാറുന്നത് നിരോധിച്ചിരിക്കുകയാണ്. ആദായ നികുതി നിയമത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത 269എസ്.ടി വകുപ്പ് പ്രകാരം ഒരു ദിവസം ഒരു വ്യക്തി ഒറ്റത്തവണയായോ അല്ലെങ്കില്‍ വിവിധ തവണകളിലായോ രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ കൈമാറുന്നതിന് ശിക്ഷ ലഭിക്കും. ഇപ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന തുകയുടെ 100 ശതമാനവും പിഴയായി ഈടാക്കുമെന്നും ആദായ നികുതി വകുപ്പ് പുറത്തിറക്കിയ പരസ്യത്തില്‍ പറയുന്നു.  കഴിഞ്ഞ പൊതുബജറ്റ് അവതരിപ്പിക്കവെ, രാജ്യത്ത് മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണഇടപാടുകള്‍ നിരോധിക്കുകയാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞിരുന്നു. പിന്നീട് ധനകാര്യ ബില്ലില്‍ ഭേദഗതി വരുത്തി പാര്‍ലമെന്റ് ഇത് രണ്ട് ലക്ഷമാക്കി കുറച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പോസ്റ്റ്ഓഫീസ് സേവിങ്സ് ബാങ്ക്, സഹകരണ ബാങ്കുകള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. നേരിട്ടുള്ള പണമിടപാടുകള്‍ പരമാവധി കുറച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമെന്നും കള്ളപ്പണം തടയാന്‍ ഇതുവഴി സാധിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം.

click me!