റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളുമായി ജൂനിയര്‍ ട്രംപ് ഇന്ത്യയിലേക്ക്

By Web DeskFirst Published Feb 19, 2018, 7:37 AM IST
Highlights

ദില്ലി: ട്രംപ് ഇവിടെയുണ്ട്.....നിങ്ങള്‍ക്ക് ക്ഷണമുണ്ടോ..... ഈ അടിക്കുറിപ്പോടെ കഴിഞ്ഞ രണ്ടു ദിവസമായി ദില്ലിയിലെ പ്രമുഖ ദിനപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട മുന്‍പേജ് പരസ്യത്തില്‍ നിറഞ്ഞു നില്ക്കുന്നത് ട്രംപ് കുടുംബമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേര് പരസ്യത്തിലെവിടെയുമില്ല. എന്നാല്‍ മൂത്ത മകന്‍ ടോണള്‍ഡ് ട്രംപ് ജൂനിയറിന്റെ ചിത്രമുണ്ട്. ബിസിനസ് ആവശ്യത്തിനായി ഒരാഴ്ച ടോണള്‍ഡ് ട്രംപ് ജൂനിയര്‍ ഇന്ത്യയിലുണ്ടാവും. പ്രസിഡന്റിന്റെ മകനായതു കൊണ്ട് അമേരിക്കന്‍ സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കായി നേരത്തെ എത്തിയിട്ടുണ്ട്.

സന്ദര്‍ശന ലക്ഷ്യം റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആണ്. ദില്ലിക്കടുത്ത് ഹരിയാനയിലെ ഗുഡ്ഗാവില്‍ രണ്ട് ബഹുനില ഫ്‌ളാററ് സമുച്ചയമാണ് ട്രംപ് ടവര്‍ എന്ന പേരില്‍ പണിയുന്നത്. 47 നിലകളുള്ള രണ്ട് ടവറിലായി 145 ഫ്‌ളാറ്റുകള്‍. ട്രംപ് ബ്രാന്‍ഡ് ഉപയോഗിക്കാനുള്ള അവകാശം ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്കി കോടികളുടെ ഫീസ് ഈടാക്കും. 1500 കോടി രൂപയുടെ പദ്ധതിയാണിത്. ദില്ലിയില്‍ മാത്രമല്ല കൊല്ക്കത്തയിലുംമുംബൈയിലും പൂനയിലും ഇത്തരത്തില്‍ ട്രംപ് കുടുംബം റിയല്‍ എസ്റ്റേറ്റില്‍ പങ്കാളിയാകുന്നു. ഫ്‌ളാറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ട്രംപ് ജൂനിയറുമായി ഫോട്ടോയെടുക്കാനും കോക്ക്‌ടെയില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനും അവസരമുണ്ട്. ആഡംബര ഫ്‌ളാറ്റിന് ഓരോന്നിനും 9 കോടി രൂപയിലധികമാണ് വില.

അമേരിക്കന്‍ പ്രസിഡന്റ് തനിക്ക് ഏറ്റവും അധികം ബന്ധമുള്ള ലോകനേതാക്കളില്‍ ഒരാളാണ് നരേന്ദ്ര മോദി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള തന്ത്രപ്രധാന ബന്ധത്തിന് പുറമെ സ്വന്തം ബിസിനസ് വളര്‍ത്താനും ഈ ബന്ധം ട്രംപ് ഉപയോഗിക്കുന്നുണ്ടോ എന്നാണ് അമേരിക്കയിലെ തന്നെ ചില വിദേശകാര്യ വിദഗ്ധര്‍ ഉന്നയിച്ച ചോദ്യം.
 

click me!