ധാന്വന്തരം: മലയാളികളുടെ തലമുറകളായുള്ള വേദന സംഹാര മാർ​ഗം

By Web DeskFirst Published Jun 1, 2018, 5:39 PM IST
Highlights
  • ധന്വന്തരിക്ക് പ്രിയങ്കരമായ മരുന്നായതിനാലാണ് ഈ ഔഷധക്കൂട്ട് ധന്വന്തരം എന്ന പേരിൽ പ്രസിദ്ധമായത്.

ധാന്വന്തരം തൈലം മലയാളിയുടെ ജീവിതവുമായി വളരെ അടുത്ത് നില്‍ക്കുന്ന ആയുര്‍വേദ ഔഷധങ്ങളില്‍ ഒന്നാണ്.  ശരീരവേദനയുടെ ശമനത്തിന് മലയാളി കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളതും ഈ ഔഷധമാകും.  ദേഹത്തെവിടെ വേദന വന്നാലും മലയാളിയുടെ മനസ്സില്‍ ആദ്യമെത്തുന്നത് ധാന്വന്തരം എന്ന പേരാകും.

മലയാളികളുടെ തലമുറകളായുള്ള വേദനസംഹാര മാര്‍ഗമാണ് ധാന്വന്തരം തൈലം.  മരുന്നിന്റെ ഔഷധഗുണംകൊണ്ട് ആദിദേവനായ ധന്വന്തരിയ്ക്ക് പ്രിയങ്കരമായതിനാലാണ് ഈ ഔഷധക്കൂട്ട് ധാന്വന്തരം എന്ന പേരില്‍ അറിയപ്പെടുന്നത്.  ധാന്വന്തരം തൈലം കൂടുതല്‍ ഫലപ്രാപ്തിയ്ക്കായി 7, 14, 21, 101 എന്നീ ക്രമത്തില്‍ ആവര്‍ത്തിച്ച രൂപത്തിലും തയ്യാറാക്കുന്നുണ്ട്.  ഇതിന് പുറമേ ധാന്വന്തരം കുഴമ്പും ലഭ്യമാണ്.

ധാന്വന്തരം കുഴമ്പും തൈലവും തമ്മില്‍ വ്യത്യാസമുണ്ട്.  ധാന്വന്തരം തൈലത്തിലും ആവര്‍ത്തികളിലും എള്ളെണ്ണ മാത്രമേയുള്ളൂ.  കുഴമ്പില്‍ എണ്ണ, നെയ്യ്, ആവണക്കണ്ണ എന്നിവ കൂടി ചേരുന്നു.  ഇവയെ കുറുന്തോട്ടി മുതലായ മരുന്നുകളും പാലും ചേര്‍ത്ത് യഥാവിധി സംസ്‌കരിച്ചെടുക്കുന്നു.

വാതരോഗികള്‍, പ്രസവിച്ച് കിടക്കുന്ന സ്ത്രീകള്‍, കുഞ്ഞുങ്ങള്‍, മര്‍മ ഭാഗങ്ങളില്‍ പരുക്കേറ്റവര്‍ എന്നിവരിലാണ് ധാന്വന്തരം കുഴമ്പും തൈലവും കൂടുതലായി ഉപയോഗിക്കുന്നത്.  തരിപ്പ്, കടച്ചില്‍, വേദന, ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ബലക്ഷയം, മുഖം കോടല്‍, മൂത്രതടസ്സം, ഗര്‍ഭാശയ രോഗങ്ങള്‍ തുടങ്ങിയവയുടെ ചികില്‍സയിലും ധാന്വന്തരം ഉപയോഗപ്പെടുത്തുന്നു.

കര്‍ക്കടക മാസത്തിലെ ചികില്‍സയുടെ ഭാഗമായും ഈ ഔഷധം ഉപയോഗിക്കുന്നു.  കര്‍ക്കടകത്തിലെ എണ്ണ തേച്ച് കുളിയിലെ പ്രധാന ഔഷധക്കൂട്ടുകളില്‍ ഒന്നാണ് ധാന്വന്തരം കുഴമ്പ്. മരുന്നുകളുടെ ഈ യോഗം തന്നെ കഷായരൂപത്തില്‍ തയ്യാറാക്കി അകത്തേക്ക് കഴിക്കാനും കൊടുക്കുന്നുണ്ട്.  ഇതേ കഷായയോഗം തന്നെ ധാന്വന്തരം ക്വാഥം ടാബ്‌ലറ്റ് ആയും വിപണിയില്‍ ലഭ്യമാണ്.  കഷായത്തിലും ടാബ്‌ലറ്റിലും ഔഷധവീര്യം തുല്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

രോഗിയുടേയും രോഗത്തിന്റേയും അവസ്ഥയും മറ്റ് സാഹചര്യങ്ങളും അനുസരിച്ചാണ് ധാന്വന്തരം ഔഷധത്തിന്റെ ഉപയോഗം നിര്‍ദേശിക്കാറ്.  ചികില്‍സകനാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക.

click me!