ജി.എസ്.ടി വിഷയത്തില്‍ തോമസ് ഐസകിനെ വിമര്‍ശിച്ച് ഇടത് എം.എല്‍.എ

By Web DeskFirst Published Aug 8, 2017, 5:47 PM IST
Highlights

ജി.എസ്.ടി വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ നിയമസഭയില്‍ പരോക്ഷമായി വിമര്‍ശിച്ച് സി.പി.എം എം.എല്‍.എമാര്‍. ചരക്ക് സേവന നികുതി വന്ന ശേഷം വില കുറയാത്തതിന് സാങ്കേതികത്വം പറഞ്ഞ് ന്യായീകരിക്കാനാവില്ലെന്ന് എം.സ്വരാജ് പറഞ്ഞു. അതേസമയം പാര്‍ട്ടി അംഗീകാരത്തോടെയാണ് ജി.എസ്.ടി വിഷയത്തില്‍ നിലപാടെടുത്തതെന്ന് തോമസ് ഐസക്ക് വിശദീകരിച്ചു 

ജി.എസ്.ടി ബില്‍ വിഷയ നിര്‍ണയ സമിതിക്ക് അയക്കണമെന്ന പ്രമേയത്തിന്മേല്‍ ഇന്ന് നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് സി.പി.എം എം.എല്‍.എമാരുടെ പരോക്ഷ വിമര്‍ശനം. ജി.എസ്.ടി, ആര്‍.എസ്.എസിന്റെ സാമ്പത്തിക അജണ്ടയാണെന്ന് കെ.സുരേഷ് കുറപ്പ് എം.എല്‍.എ പറഞ്ഞു. അജണ്ട തിരിച്ചറിയാന്‍ കഴിയണമെന്നായിരുന്നു എം. സ്വരാജിന്റെ ആവശ്യം

യു.ഡി.എഫ് എം.എല്‍.എമാരും ധനമന്ത്രി തോമസ് ഐസകിനെ വിമര്‍ശിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന്റെയല്ല, കോണ്‍ഗ്രസിന്റെ നയമാണ് ജി.എസ്.ടിയെന്നായിരുന്നു ടി.വി രാജേഷിന്റെ അഭിപ്രായം.  ജി.എസ്.ടി നടപ്പാക്കാന്‍ നരേന്ദ്ര മോദിയെന്ന വര്‍ഗീയ ഭ്രാന്തനേക്കാള്‍ ആവേശം തോനസ് ഐസക്ക് കാട്ടിയെന്നായിരുന്നു പി.സി ജോര്‍ജിന്റെ വിമര്‍ശനം. 

എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്പ് ജി.എസ്.ടി നിയമം പാര്‍ലമെന്‍റ് പാസാക്കിയതിനാല്‍ കേരളത്തിന് അനുകൂലമാകുന്ന രീതിയില്‍ ജി.എസ്.ടി നടപ്പാക്കാനാണ് ശ്രമിച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ധനമന്ത്രിയുടെ ഈ നിലപാടിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്തുണച്ചു.

click me!