സാനിറ്റൈസറിന് ജിഎസ്ടി നിരക്ക് കുറച്ചാല്‍ പ്രാദേശിക ഉല്‍പ്പാദകര്‍ക്ക് തിരിച്ചടിയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Jul 15, 2020, 9:02 PM IST
Highlights

രാസപദാര്‍ത്ഥങ്ങള്‍ അടക്കം ഹാന്റ് സാനിറ്റൈസറിന്റെ അസംസ്‌കൃത വസ്തുക്കളും 18 ശതമാനം നികുതി സ്ലാബിലാണ്.
 

ദില്ലി: കൈകള്‍ അണുവിമുക്തമാക്കുന്നതിന് ഉപയോഗിക്കുന്ന ഹാന്റ് സാനിറ്റൈസറിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍. ഈ തീരുമാനം ഇറക്കുമതിക്കാര്‍ക്ക് മാത്രമേ ഉപകാരപ്പെടൂവെന്നും പ്രാദേശിക ഉല്‍പ്പാദകര്‍ക്ക് ഗുണം ചെയ്യില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

സോപ്പ്, ആന്റി ബാക്ടീരിയല്‍ ലിക്വിഡ് എന്നിവ പോലുള്ള ഉല്‍പ്പന്നമാണ് ഹാന്റ് സാനിറ്റൈസറും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അതിനാല്‍ തന്നെ 18 ശതമാനം നികുതി സ്ലാബിലാണ് ഇതും ഉള്‍പ്പെടുക. രാസപദാര്‍ത്ഥങ്ങള്‍ അടക്കം ഹാന്റ് സാനിറ്റൈസറിന്റെ അസംസ്‌കൃത വസ്തുക്കളും 18 ശതമാനം നികുതി സ്ലാബിലാണ്. 

സാനിറ്റൈസറിന്റെ നികുതി നിരക്ക് കുറച്ചാല്‍ അത് അന്തിമ ഉല്‍പ്പന്നത്തിന്റെ മുകളില്‍ മാത്രമായിരിക്കും. അസംസ്‌കൃത വസ്തുക്കളുടെ നികുതി കുറയില്ല. അതിനാല്‍ തന്നെ പ്രാദേശിക ഉല്‍പാദകരെ സംബന്ധിച്ച് ഇത് വലിയ ബാധ്യതയാകും സൃഷ്ടിക്കുകയെന്നും കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

ഏറെ നാളായി ഈ ആവശ്യം സര്‍ക്കാരിന് മുന്നില്‍ വാണിജ്യ മേഖലയില്‍ നിന്നുള്ളവര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ 18 ശതമാനം നികുതി തന്നെ ഈടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ഇനി ഈ തീരുമാനം അംഗീകരിക്കുക മാത്രമാണ് വഴി. അതല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കേണ്ടി വരും.
 

click me!