പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു

By Web DeskFirst Published Mar 1, 2017, 4:45 AM IST
Highlights

രാജ്യത്ത് പാചക വാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന് 91 രൂപയാണ് കൂട്ടിയത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 148 രൂപയും കൂട്ടി. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു.


സാധാരണക്കാരന്റെ അടുപ്പ് അണയ്ക്കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന ന്യായം. പുതുക്കിയ വില അനുസരിച്ച് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 91 രൂപ അധികം നല്‍കണം. 764.50 രൂപയാണ് സബ്സിഡിയുള്ള ഒരു സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്. ഗാര്‍ഹികേതര ആവശ്യത്തിനുള്ള സിലിണ്ടറിന് 148 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ 19 കിലോ തൂക്കമുള്ള സബ്സിഡി രഹിത സിലിണ്ടറിന്റെ വില 1388 രൂപയായി മാറി. ഒരു മാസത്തിനിടയ്‌ക്ക് രണ്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. 

ഗാര്‍ഹിത ആവശ്യത്തിനുള്ള സിലിണ്ടറിന് 91 രൂപ കൂടിയെങ്കിലും ഈ തുക സബ്സിഡി ഇനത്തില്‍ ഉപഭോക്താവിന് തിരിച്ചുനല്‍കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പക്ഷേ സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ മുഴുവന്‍ തുകയും നല്‍കേണ്ടി വരും.  ഭക്ഷ്യ വസ്തുക്കള്‍ക്കൊപ്പം പാചക വാതകത്തിനും വില വര്‍ദ്ധിച്ചത് ഹോട്ടല്‍ ഭക്ഷണത്തിനടക്കം ഇനിയും വില വര്‍ദ്ധിക്കാനിടയാവും.

click me!