2021 ഐപിഒകളുടേതാകും: ഒരു ഡസനോളം സ്റ്റാർട്ടപ്പുകൾ യൂണികോണുകളായി; നിക്ഷേപ നേട്ടത്തിൽ മുന്നിൽ സൊമാറ്റോ

Web Desk   | Asianet News
Published : Jan 06, 2021, 04:45 PM IST
2021 ഐപിഒകളുടേതാകും: ഒരു ഡസനോളം സ്റ്റാർട്ടപ്പുകൾ യൂണികോണുകളായി; നിക്ഷേപ നേട്ടത്തിൽ മുന്നിൽ സൊമാറ്റോ

Synopsis

കമ്പനികൾ ദുർബലമായ ബിസിനസ്സ് മോഡലുകൾ നിർമ്മിച്ചെ‌ടുക്കുന്നതാണ് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകാൻ കാരണം. ആ അവസ്ഥ ഇപ്പോൾ സാവധാനത്തിലാണെങ്കിലും മാറുകയാണ്.

ട്രാക്ക്സെൻ ടെക്നോളജീസിന്റെ കണക്കുകൾ പ്രകാരം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ കഴിഞ്ഞ വർഷം നിക്ഷേപകരിൽ നിന്ന് 12.3 ബില്യൺ ഡോളർ നിക്ഷേപമായി സമാഹരിച്ചു. 2020 ലെ ഡീൽ മൂല്യവും നിക്ഷേപ വരവും 2019 നെ അപേക്ഷിച്ച് കുറവാണെങ്കിലും 2021 മികച്ചതാകുമെന്നാണ് വിപണി നിരീക്ഷകരടക്കം പ്രവചിക്കുന്നത്. 

ഡീൽ വോളിയത്തിലും മൊത്തത്തിലുള്ള നിക്ഷേപത്തിലും കുറവുണ്ടായിട്ടും, പകർച്ചവ്യാധി പ്രതിസന്ധികൾക്കിടയിൽ നിക്ഷേപ വളർച്ച അത്ഭുതകരമാണ്. 2020 മാർച്ചിൽ കൊവിഡ് -19 പ്രതിസന്ധി ആരംഭിച്ചപ്പോൾ, ലോകമെമ്പാടും പൊതു വിപണികൾ തകർന്നു, നിക്ഷേപകർ സ്വകാര്യ നിക്ഷേപം മരവിപ്പിച്ചു. ചൈനയിൽ നിന്നുള്ള നിക്ഷേപത്തിന് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. മാർച്ച് മുതൽ ജൂൺ വരെ, രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ, ഏതാണ്ട് ഇടപാടുകളെല്ലാം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു.

എന്നാൽ, ലോക്ക്ഡൗൺ അവസാനിച്ചപ്പോൾ, നിക്ഷേപ പ്രവർത്തനങ്ങൾ അതിവേഗം ഉയർന്നു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ഒരു ഡസനോളം സ്റ്റാർട്ടപ്പുകൾ യൂണികോണുകളായി മാറി. ഏത് വർഷത്തെക്കാളും മികച്ച അവസ്ഥയാണിത്. 

മാക്രോ ഘടകങ്ങൾ നിക്ഷേപ വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിച്ചു. യുഎസിന്റെ നേതൃത്വത്തിലുള്ള പൊതു വിപണികളിലെ കുതിപ്പ് നിക്ഷേപകരുടെ ആത്മവിശ്വാസം വളർത്താൻ സഹായിച്ചു. കുറഞ്ഞ പലിശനിരക്ക് നിക്ഷേപകരെ റിസ്ക് നിക്ഷേപ ഫണ്ടിംഗ് നിലനിർത്താൻ അനുവദിച്ചു. മേഖലകളിലുടനീളം ഡിജിറ്റലൈസേഷൻ ത്വരിതപ്പെടുത്തുന്നതിന് കൊവിഡ് കാരണമായി എന്നതാണ് മറ്റൊരു വലിയ പ്രത്യേക​​ത. ഡിജിറ്റൽ വിദ്യാഭ്യാസം, എന്റർപ്രൈസ് സോഫ്റ്റ്വെയർ, ലോജിസ്റ്റിക്സ് എന്നിവയാണ് ഡിജിറ്റലൈസേഷന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. 

660 മില്യൺ ഡോളർ ഫണ്ട് സമാഹരണം നടത്തി സൊമാറ്റോ മികച്ച പ്രകടനം നടത്തി. 500 ദശലക്ഷം ബൈജൂസിനും 300 ദശലക്ഷം ഫസ്റ്റ്ക്രൈ, 225 ദശലക്ഷം ഡ്രീം 11 നും നിക്ഷേപമായി നേടിയെടുത്തതായി മിഹിർ ദലാൽ ലൈവ് മിന്റിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു. 

ഡിജിറ്റൽ, റീട്ടെയിൽ സംരംഭങ്ങൾക്കായി കഴിഞ്ഞ വർഷം 26 ബില്യൺ ഡോളർ (ട്രാക്ക്സെൻ ഡാറ്റയിൽ ഉൾപ്പെടുത്തിയിട്ടില്ല) സമാഹരിച്ച റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ ഐ എൽ) ഇന്ത്യയിലെ ഇന്റർനെറ്റ് ഇക്കോസിസ്റ്റത്തിലെ ഒരു പ്രധാന നേട്ടത്തിനുടമയായി. ഉപഭോക്തൃ ബിസിനസ്സുമായി ബന്ധപ്പെട്ട നിരവധി ഉൽപ്പന്നങ്ങളും സേവനങ്ങളും ഈ വർഷം കമ്പനി പുറത്തിറക്കാനിരിക്കുകയാണ്. ആർ ഐ എൽ ഇതിനകം നിരവധി സ്റ്റാർട്ടപ്പുകളെ സ്വന്തമാക്കിയിട്ടുണ്ട്, കൂടാതെ വിവിധ മേഖലകളിലെ ആ​ഗോള ഭീമന്മാരുമായി നേരിട്ടുളള മത്സരവും പ്രഖ്യാപിച്ചു കഴിഞ്ഞു. 

ഇപ്പോഴത്തെ അവസ്ഥയിൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് ശക്തമായി തുടരാനാണ് സാധ്യതയെന്ന് മിഹിർ ദലാൽ തന്റെ ലേഖനത്തിൽ വിലയിരുത്തുന്നു. കൊവിഡിൽ നിന്ന് സമൂഹം സാധാരണ നിലയിലേക്ക് മടങ്ങുന്നത് വരെ, ഡിജിറ്റൽ വിദ്യാഭ്യാസം, സോഫ്റ്റ്വെയർ തുടങ്ങിയ മേഖലകൾ അഭിവൃദ്ധി പ്രാപിക്കും. വാക്സിനേഷൻ പ്രോഗ്രാമിന്റെ വേഗത, പ്രമുഖ സ്റ്റാർട്ടപ്പുകളുടെ നിർദ്ദിഷ്ട പ്രാരംഭ പബ്ലിക് ഓഫറുകളുടെ വിധി, വലിയ ഫണ്ട് സ്വരൂപിച്ച കമ്പനികളുടെ പ്രകടനം, ഉപഭോഗത്തിന്റെ കരുത്ത് എന്നിവ ഫണ്ടിംഗ് നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളാകും. 2021 ൽ മുൻ വർഷങ്ങളെക്കാൾ കൂടുതൽ ഐപിഒകൾ നടക്കും എന്നാണ് റിപ്പോർട്ടുകൾ.  

സ്റ്റാർട്ടപ്പുകളുടെ ആയുസ്സിലെ ഏറ്റവും പ്രധാന ബിസിനസ് തീരുമാനമാണ് ഐപിഒകളുമായി ബന്ധപ്പെട്ടുളളത്. കമ്പനികൾ ദുർബലമായ ബിസിനസ്സ് മോഡലുകൾ നിർമ്മിച്ചെ‌ടുക്കുന്നതാണ് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകാൻ കാരണം. ആ അവസ്ഥ ഇപ്പോൾ സാവധാനത്തിലാണെങ്കിലും മാറുകയാണ്. ഫ്രെഷ് വർക്ക്സ്, ഡ്രുവ, പോളിസിബസാർ, ദില്ലിവെറി തുടങ്ങിയ ലാഭകരമായ ഒരുപിടി സ്ഥാപനങ്ങൾ സമീപഭാവിയിൽ തങ്ങളുടെ ഓഹരികൾ പട്ടികപ്പെടുത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. 

PREV
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ