കത്തിക്കയറി പശ്ചിമേഷൻ യുദ്ധം; രാജ്യത്ത് ഇന്ധനവില കുറയുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടി, ക്രൂഡ് ഓയിൽ വില കുതിക്കുന്നു

Published : Jul 09, 2026, 12:22 PM IST
crude oil

Synopsis

പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ഇറാന് മേലുള്ള അമേരിക്കൻ ഉപരോധം പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയാനുള്ള സാധ്യത ഇല്ലാതാക്കിയിരിക്കുകയാണ്.

പശ്ചിമേഷ്യ യുദ്ധഭൂമി ആയതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ കുതിച്ചുചാട്ടം.​ ക്രൂഡ് വില ഒൻപത് ശതമാനം വരെ ഉയർന്നു. എണ്ണവിലയിലുണ്ടായ ഈ വൻ വർധന പെട്രോൾ ഡീസൽ വില ഉടൻ കുറയാനുള്ള സാധ്യത ഇല്ലാതാക്കിയിരിക്കുകയാണ്. ലോകത്തെ പ്രധാന വിപണികളിലൊന്നായ ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.9 ഡോളറിലെത്തിയിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ജൂണിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ പാലിച്ച് എണ്ണവില കുറഞ്ഞു വരുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.

എണ്ണവില വീണ്ടും ഉയരാനുള്ള കാരണങ്ങൾ

സൈനികാക്രമണം: ഇറാന്റെ പ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇത് പശ്ചിമേഷ്യയിൽ വലിയ യുദ്ധഭീതി ഉയർത്തുകയും ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) ചരക്കുനീക്കത്തെ ബാധിക്കുമെന്ന ആശങ്ക ജനിപ്പിക്കുകയും ചെയ്തു.

യുഎസ് ഉപരോധം: ഇറാന് മേൽ ജൂൺ മാസത്തിൽ നൽകിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ അമേരിക്കൻ ട്രഷറി വിഭാഗം (OFAC) റദ്ദാക്കി. ഇതോടെ ഇറാന് രാജ്യാന്തര വിപണിയിൽ എണ്ണ വിൽക്കുന്നതിന് വീണ്ടും കർശന നിയന്ത്രണങ്ങൾ വരും. നിലവിലുള്ള ഇടപാടുകൾ പൂർത്തിയാക്കാൻ വരും ദിവസങ്ങളിൽ (ജൂലൈ 17 വരെ) മാത്രമേ സമയം അനുവദിച്ചിട്ടുള്ളൂ.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

തങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 85 ശതമാനത്തിലധികം വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ വിലവ്യതിയാനങ്ങൾ പോലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കും. നേരത്തെ അന്താരാഷ്ട്ര വിപണിയിൽ വില ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിൽ വരും ആഴ്ചകളിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യത്തെ ഉപഭോക്താക്കൾ. നേരത്തെ അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞപ്പോൾ, ഇതേ സാഹചര്യം ആഴ്ചകൾ കൂടി തുടർന്നാൽ മാത്രമേ ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കാൻ സാധിക്കൂ എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആഗോളതലത്തിൽ എണ്ണവില വീണ്ടും ഉയരുന്നതിനാൽ, ഇന്ത്യയിൽ പെട്രോൾ- ഡീസൽ വില കുറയുന്നതിനായി പൊതുജനങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകൾ.

PREV
Read more Articles on
click me!

Recommended Stories

ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച; സെന്‍സെക്‌സ് 1600 പോയിന്റിലധികം ഇടിഞ്ഞു, നിഫ്റ്റി 24,000-ത്തിന് താഴേക്ക്, വിപണിയെ ബാധിച്ച 5 കാരണങ്ങള്‍
കോർപ്പറേറ്റുകളോട് മത്സരിക്കാൻ കുടുംബശ്രീ; ഇനി കൂടുതൽ സൂപ്പർമാർക്കറ്റുകളിലേക്കെത്തും, ഓണത്തിന് മുൻപ് ആറ് ജില്ലകളിലേക്ക് കൂടി ഉൽപന്നങ്ങളെത്തും