ചൈനീസ്, ഹോങ്കോങ് നിക്ഷേപ നിയന്ത്രണം: പേടിഎം, ഓല, ബി​ഗ് ബാസ്ക്കറ്റ് എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചേക്കും

By Web TeamFirst Published Apr 20, 2020, 11:16 AM IST
Highlights

ചൈനീസ് മുൻനിര നിക്ഷേപകരായ അലിബാബ, ടെൻസെന്റ് എന്നിവരുടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപത്തിന്റെ മുന്നോട്ടുളള ഘട്ടങ്ങളെ പുതിയ നിബന്ധന ബാധിച്ചേക്കും. 

മുംബൈ: ചൈനീസ് കമ്പനികളുടെ ഇന്ത്യൻ വിപണിയിലെ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാനുളള കേന്ദ്ര സർക്കാരിന്റെയും സെബിയുടെയും നീക്കം ഇന്ത്യൻ ടെക്ക് കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രതിസന്ധിയായേക്കും. ബിഗ് ബാസ്‌ക്കറ്റ്, പേടിഎം, ഓല, മറ്റ് ടെക് സ്റ്റാർട്ടപ്പുകൾ എന്നിവയുടെ പ്രവർത്തനത്തെ സംബന്ധിച്ചാണ് ആശങ്ക. കൊവിഡ് -19 കാലയളവിൽ കുറഞ്ഞു നിൽക്കുന്ന ഓഹരി മൂല്യനിർണ്ണയം മുതലെടുത്ത് ചൈനീസ് കമ്പനികൾ പ്രാദേശിക കമ്പനികളിൽ നിക്ഷേപം വർധിപ്പിക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. 

ഇത് സംബന്ധിച്ച് സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അന്വേഷണം പുരോ​ഗമിക്കുകയാണ്. താൽകാലികമായി സെബി ഇത്തരം നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.  

ഓൺലൈൻ ​ഗ്രോസറി റീട്ടെയിലർ ബിഗ് ബാസ്‌ക്കറ്റ്, ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം, റൈഡ് ഷെയറിംഗ് പ്ലാറ്റ്ഫോം ഓല എന്നിവയ്ക്ക് ഇതുവരെ ചൈനീസ് കമ്പനികളിൽ നിന്ന് കോടിക്കണക്കിന് ഡോളർ നിക്ഷേപം ലഭിച്ചു. ഓട്ടോമാറ്റിക് റൂട്ടിലൂടെ ചൈന ഉൾപ്പെടെയുള്ള ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള പുതിയ നിക്ഷേപം നിരോധിക്കുകയോ/ നിരീക്ഷിക്കുകയോ ചെയ്യാനുളള പുതിയ വിദേശ നേരിട്ടുള്ള നിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങൾ ഈ കമ്പനികളെ ഏറ്റവും ബാധിക്കും. 

എന്നാൽ, കൊവിഡ് കാലത്തെ അവസരം മുതലാക്കി ചൈനീസ്, ഹോങ്കോങ് തുടങ്ങിയ മേഖലകളിൽ നിന്ന് ഇന്ത്യൻ കമ്പനികളെ ലക്ഷ്യമിട്ട് നിക്ഷേപം എത്തുന്നതായുളള റിപ്പോർട്ടുകൾ ആശങ്കയുളവാക്കുന്നതാണെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. 

ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് എല്ലാ ചൈനീസ് നേരിട്ടുള്ള, പരോക്ഷ നിക്ഷേപകർക്കും സർക്കാർ അനുമതി തേടേണ്ടത് ഈ നടപടിയിലൂടെ നിർ‌ബന്ധമാകും. ചൈനീസ് മുൻനിര നിക്ഷേപകരായ അലിബാബ, ടെൻസെന്റ് എന്നിവരുടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപത്തിന്റെ മുന്നോട്ടുളള ഘട്ടങ്ങളെ പുതിയ നിബന്ധന ബാധിച്ചേക്കും. 

click me!