ഓഹരി ഒന്നിന് 250 രൂപ നിരക്ക്, ഹിന്ദുസ്ഥാൻ പെട്രോളിയം ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിച്ചു

By Web TeamFirst Published Nov 5, 2020, 4:32 PM IST
Highlights

കമ്പനികള്‍ നിശ്ചിത ശതമാനം ഓഹരികള്‍ തിരികെ വാങ്ങുമ്പോള്‍ നേട്ടം നിക്ഷേപകര്‍ക്കാണ്.

മുംബൈ: 2500 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങൽ (ഷെയര്‍ ബൈബാക്ക്) പദ്ധതിക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) ഡയറക്ടര്‍ ബോര്‍ഡ് അം​ഗീകാരം നൽകി. ഓഹരി തിരിച്ചുവാങ്ങൽ പദ്ധതി ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. 

6.56 ശതമാനം ഇക്വിറ്റി ഷെയറിനെ പ്രതിനിധീകരിക്കുന്ന 10 കോടി ഓഹരികൾ ഒരു ഓഹരിക്ക് 250 രൂപ എന്ന നിരക്കിൽ തിരിച്ചുവാങ്ങാനുള്ള നിർദ്ദേശത്തിനാണ് ബോർഡ് അംഗീകാരം ലഭിച്ചത്. നവംബർ നാലിന് എച്ച്പിസിഎൽ സ്റ്റോക്കുകളുടെ ക്ലോസിംഗ് വിലയ്ക്ക് 34 ശതമാനം പ്രീമിയത്തോടെയാണ് തിരിച്ചുവാങ്ങൽ.

ബുധനാഴ്ച എൻഎസ്ഇയിലെ എച്ച്പിസിഎല്ലിന്റെ ഓഹരികൾ 0.83 ശതമാനം ഉയർന്ന് 187.20 രൂപയിലേക്ക് എത്തി. എച്ച്പിസിഎല്ലിന്റെ 77.88 കോടി ഓഹരികള്‍ പൊതുമേഖലയിലെ ഒഎന്‍ജിസിയുടെ കൈവശമാണ്. കമ്പനികള്‍ നിശ്ചിത ശതമാനം ഓഹരികള്‍ തിരികെ വാങ്ങുമ്പോള്‍ നേട്ടം നിക്ഷേപകര്‍ക്കാണ്. ഓഹരികള്‍ക്ക് വിപണി വിലയേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നതാണ് നേട്ടം. 

"എച്ച്പിസിഎൽ അതിന്റെ ഓഹരിയുടമകൾക്ക് പ്രതിഫലം നൽകുന്നതിൽ ഉദാരത പുലർത്തുന്നു, ഞങ്ങളുടെ ഓഹരി ഉടമകൾക്ക് പ്രതിഫലം നൽകുന്നതിനുള്ള ഒരു മാർഗമാണ് ഈ തിരിച്ചുവാങ്ങൽ, ”കമ്പനിയുടെ രണ്ടാം പാദ വരുമാനം പ്രഖ്യാപിക്കുന്നതിനിടെ എച്ച്പിസിഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം കെ സൂറാന വിശദീകരിച്ചു.

2021 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എച്ച്പിസിഎല്‍) അറ്റാദായത്തില്‍ ഇരട്ടിയിലധികം വര്‍ധന റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 1,052.3 കോടിയായിരുന്ന അറ്റാദായം 2020 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 2,477.4 കോടിയായി. അതേ സമയം കമ്പനിയുടെ വരുമാനം 14.9 ശതമാനം ഇടിഞ്ഞ് 51,773.3 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം ചെലവ് ഈ പാദത്തില്‍ 59,127.31 കോടിയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 65,237.24 കോടി രൂപയായിരുന്നു.

click me!