
ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇത് തടയാനായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കാനോ അല്ലെങ്കില്‍ ഗണ്യമായി വെട്ടിക്കുറയ്ക്കാനോ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉത്പാദകരായ ഇന്ത്യയുടെ ഈ നീക്കം ആഭ്യന്തര വിപണിയിലെ ലഭ്യത വര്‍ദ്ധിപ്പിക്കാനും വില പിടിച്ചുനിര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ്.
നിലവില്‍ പഞ്ചസാര ഇറക്കുമതിക്ക് 100 ശതമാനമാണ് നികുതി. ഇത് നീക്കം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് അവസാനം മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയ്ക്കായി പഞ്ചസാരയുടെ ആവശ്യകത കുത്തനെ കൂടാറുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം. എന്നാല്‍, ഭക്ഷ്യ-വാണിജ്യ മന്ത്രാലയങ്ങള്‍ ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യന്‍ ഷുഗര്‍ ആന്‍ഡ് ബയോ എനര്‍ജി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലെ മില്ലുകളില്‍ പഞ്ചസാരയുടെ വില അടുത്തിടെ കിലോയ്ക്ക് 46 രൂപയില്‍ എത്തിയിരുന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണ്. വിപണിയിലെ പൂഴ്ത്തിവെപ്പ് തടയാനും വിലക്കയറ്റ ഭീഷണി നേരിടാനുമായി വ്യാപാരികള്‍ക്ക് പഞ്ചസാര സംഭരിച്ചു വെക്കുന്നതില്‍ സര്‍ക്കാര്‍ അടുത്തിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
കൂടാതെ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ പ്രധാന ഉത്പാദക സംസ്ഥാനങ്ങളിലെ മില്ലുകളില്‍ സാധാരണയായി നവംബര്‍ ആദ്യം തുടങ്ങാറുള്ള കരിമ്പ് അരയ്ക്കല്‍ പ്രക്രിയ 10 മുതല്‍ 15 ദിവസം വരെ നേരത്തെ തുടങ്ങാനും ഭക്ഷ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്‍ നിനോ പ്രതിഭാസം ആഗോള തലത്തില്‍ തന്നെ കരിമ്പ് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്ക് വിപണിയില്‍ പഞ്ചസാരയ്ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കരിമ്പ് കൃഷിയെ നേരിട്ട് ബാധിക്കുന്ന മണ്‍സൂണ്‍ മഴയില്‍ നിലവില്‍ 13 ശതമാനത്തിന്റെ കുറവാണുള്ളത്. ജൂണ്‍ മാസത്തില്‍ ഇത് 40 ശതമാനത്തോളമായിരുന്നു. മഴക്കുറവ് കൃഷിയിറക്കുന്നതിനെയും വൈകിപ്പിച്ചു. കൃഷി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 14 വരെയുള്ള കണക്കെടുപ്പില്‍ 5.83 ദശലക്ഷം ഹെക്ടറിലാണ് കരിമ്പ് കൃഷി ചെയ്തിട്ടുള്ളത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ സമയമുണ്ടായിരുന്നതിനേക്കാള്‍ അല്പം കുറവാണ്.
സാധാരണയായി ആഭ്യന്തര ആവശ്യങ്ങള്‍ക്കായി ഇന്ത്യ പഞ്ചസാര ഇറക്കുമതി ചെയ്യാറില്ല. 2017-18 കാലയളവിലാണ് ഇതിന് മുന്‍പ് രാജ്യത്തേക്ക് വലിയ തോതില്‍ പഞ്ചസാര ഇറക്കുമതി ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള വിപണിയിലെ പ്രതിസന്ധികള്‍ക്കിടയിലാണ് ഇന്ത്യ വീണ്ടും ഇറക്കുമതിയെക്കുറിച്ച് ചിന്തിക്കുന്നത്.