കൊവിഡ് പാക്കേജ്: ഇന്ത്യൻ വിപണിയിൽ മുന്നേറ്റം, രൂപയുടെ മൂല്യം ഉയർന്നു; ധനമന്ത്രി വൈകിട്ട് മാധ്യമങ്ങളെ കാണും

Web Desk   | Asianet News
Published : May 13, 2020, 11:42 AM ISTUpdated : May 13, 2020, 11:53 AM IST
കൊവിഡ് പാക്കേജ്: ഇന്ത്യൻ വിപണിയിൽ മുന്നേറ്റം, രൂപയുടെ മൂല്യം ഉയർന്നു; ധനമന്ത്രി വൈകിട്ട് മാധ്യമങ്ങളെ കാണും

Synopsis

നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയുടെ നേതൃത്വത്തിൽ എല്ലാ നിഫ്റ്റി മേഖല സൂചികകളും അഞ്ച് ശതമാനം ഉയർന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ട്രില്യൺ രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യൻ വിപണിയിൽ രണ്ട് ശതമാനം മുന്നേറ്റം. കൊവിഡ് പാക്കേജ് വിപണി ആവശ്യകത വർധിപ്പിക്കുകയും വ്യവസായിക ഉൽപാദനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വൈകിട്ട് നാലിന് ധനമന്ത്രി നിർമല സീതാരാമൻ പാക്കേജ് വിശദീകരിക്കും. ധനമന്ത്രിയുടെ വാർത്താസമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് നിക്ഷേപകർ കാണുന്നത്.  

ബി‌എസ്‌ഇ സെൻ‌സെക്സ് 713 പോയിൻറ് ഉയർന്ന് 32,080 ലേക്കും നിഫ്റ്റി 50 സൂചിക 9,400 ലെവലിലും എത്തി. മാരുതി സുസുക്കി ഇന്ത്യയുടെ മാർച്ച് പാദ ഫലങ്ങൾ പുറത്തുവരാനിരിക്കെ ഓഹരിയിൽ ആറ് ശതമാനം മുന്നേറ്റം പ്രകടമാണ്. പൊതുജനങ്ങളുടെ കൈവശമുളള ഓഹരികൾ വാങ്ങി സ്ഥാപനത്തെ ഏറ്റെടുക്കുമെന്ന് പ്രൊമോട്ടർ അനിൽ അഗർവാൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് വേദാന്ത 10 ശതമാനം അപ്പർ സർക്യൂട്ടിൽ എത്തി.

നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയുടെ നേതൃത്വത്തിൽ എല്ലാ നിഫ്റ്റി മേഖല സൂചികകളും അഞ്ച് ശതമാനം ഉയർന്നു.

മാരുതി സുസുക്കിയും മറ്റ് ഒമ്പത് സ്ഥാപനങ്ങളും തങ്ങളുടെ മാർച്ച് പാദ ഫലങ്ങൾ ഇന്ന് പുറത്തുവിടും. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളുടെ ലാഭം മുൻ വർഷത്തെക്കാൾ 40 ശതമാനം കുറയാനിടയുണ്ട്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും മുന്നേറ്റമുണ്ട്. വ്യാപാരം ആരംഭിച്ചപ്പോൾ രൂപയുടെ മൂല്യം 75.30 എന്ന നിലയിലാണ്. 

ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ഇത് 75.51 എന്ന നിലയിലായിരുന്നു. 

ഇന്ത്യൻ ജിഡിപിയുടെ 10 ശതമാനത്തിന് തുല്യമായ 20 ട്രില്യൺ രൂപയുടെ ഉത്തേജനം പാക്കേജാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കൊവിഡ് -19 മഹാമാരിയിൽ പ്രതിസന്ധിയിലായ 50 ദിവസത്തെ കഠിനമായ ലോക്ക്ഡൗണിലൂടെ കടന്നുപോയ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ പാക്കേജിലൂടെ ലക്ഷ്യമിടുന്നത്.

20 ട്രില്യൺ രൂപയുടെ പാക്കേജിൽ മുമ്പ് പ്രഖ്യാപിച്ച 1.7 ട്രില്യൺ രൂപയുടെ ഉത്തേജനവും റിസർവ് ബാങ്ക് (ആർബിഐ) പ്രഖ്യാപിച്ച പണലഭ്യത ലഘൂകരണ നടപടികളും ഉൾപ്പെടുന്നുവെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു.

തൊഴിലാളികൾ, കൃഷിക്കാർ, സത്യസന്ധമായ നികുതി അടയ്ക്കുന്ന മധ്യവർഗം, കുടിൽ വ്യവസായം ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യവസായങ്ങൾ, എംഎസ്എംഇകൾ എന്നിവ ലക്ഷ്യമിട്ടാണ് സാമ്പത്തിക പാക്കേജ് തയ്യാറാക്കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

PREV
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ