രൂപയുടെ കരുത്ത് കൂടുന്നു: വിദേശ നാണ്യ കരുതൽ ശേഖരം ഉയരുന്നു; മൂലധന വിപണിയിൽ സജീവമായി എഫ്പിഐകൾ

By Web TeamFirst Published Aug 29, 2020, 4:56 PM IST
Highlights

ശരാശരി രണ്ട് ശതമാനം പണപ്പെരുപ്പം ലക്ഷ്യമിടുമെന്നതാണ് പുതിയ നയം. 

രൂപയുടെ മൂല്യം വെള്ളിയാഴ്ച ആറ് മാസത്തിനിടിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. തുടര്‍ച്ചയായ മൂന്ന് സെഷനുകളിലും രൂപ മികച്ച മുന്നേറ്റം നടത്തി. വിദേശ നിക്ഷേപകർ ഇക്വിറ്റി മാർക്കറ്റുകളിലേക്ക് ഇറങ്ങിയതോടെ കേന്ദ്ര ബാങ്ക് കറൻസി ഇടപെടലിൽ നിന്ന് വിട്ടുനിന്നതായി ട്രേഡേഴ്സ് പറഞ്ഞു. ആഴ്ചയിൽ രൂപയുടെ മൂല്യം ഏകദേശം രണ്ട് ശതമാനം ഉയർന്നു, 2018 ഡിസംബർ 21 ന് അവസാനിച്ച ആഴ്ചയിലെ പ്രതിവാര നേട്ടത്തിന് ശേഷമുളള ഏറ്റവും മികച്ച മുന്നേറ്റമാണിത്. 2.4 ശതമാനമായിരുന്നു അന്നത്തെ രൂപയുടെ നേട്ടം. 

രൂപ വെള്ളിയാഴ്ച ഡോളറിനെതിരെ 73.3850 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. പ്രതിദിന മൂല്യവർധന 0.6 ശതമാനമാണ്. മാർച്ച് അഞ്ചിന് ശേഷമുള്ള ഏറ്റവും ശക്തമായ നിരക്കായ 73.28 ലേക്കും ഇടയ്ക്ക് മൂല്യം ഉയർന്നിരുന്നു. 

"തുടക്കത്തിൽ, ആർബിഐ 74.50 സോണിനെ സംരക്ഷിച്ചിരുന്നുവെങ്കിലും, ഇതിന്റെ അഭാവം ഒരു സ്വതന്ത്ര വീഴ്ചയിലേക്ക് നയിച്ചു. സാങ്കേതികമായി, 73 ശക്തമായ പിന്തുണയാണെന്ന് തോന്നുന്നു, സ്പോട്ട് സ്ഥിരമായി 73.50 ന് മുകളിൽ വ്യാപാരം നടത്തുന്നില്ലെങ്കിൽ (ഡോളർ) സഹിഷ്ണുത തുടരും, 74 എന്നത് പ്രതിരോധം മേഖലയാണ്," എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസിലെ കറൻസി റിസർച്ച് മേധാവി രാഹുൽ ഗുപ്ത പറഞ്ഞു.

ഓഹരി വിപണിയിലേക്ക് ഡോളർ ഒഴുകുന്നതും മറ്റ് ഏഷ്യൻ വിപണികളുടെ നേട്ടവും രൂപയുടെ കരുത്ത് വർധിക്കാൻ സഹായിച്ചു.

എഫ്പിഐകൾ സജീവമാകുന്നു

വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഓഗസ്റ്റിൽ ഇതുവരെ 6.2 ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികൾ വാങ്ങിയിട്ടുണ്ട്. യുഎസ് സെൻട്രൽ ബാങ്കിന്റെ സമീപകാല നയമാറ്റം വിദേശ നിക്ഷേപ വരവ് വർദ്ധിപ്പിക്കുമെന്ന് ട്രേഡേഴ്സ് അഭിപ്രായപ്പെടുന്നു.

ഫെഡറൽ റിസർവ് വ്യാഴാഴ്ച പരമാവധി തൊഴിൽ, സ്ഥിരമായ നിരക്ക് എന്നിവ കൈവരിക്കുന്നതിനുള്ള നയസമീപനം മാറ്റിയെഴുതി. ശരാശരി രണ്ട് ശതമാനം പണപ്പെരുപ്പം ലക്ഷ്യമിടുമെന്നതാണ് പുതിയ നയം, പലിശനിരക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ കാലം പൂജ്യത്തിനടുത്ത് നിർത്തണമെന്നും ഫെഡറൽ റിസർവ് നിർദ്ദേശിക്കുന്നു.

ഏപ്രിൽ മാസത്തിൽ സാമ്പത്തിക വർഷം ആരംഭിച്ചതിനുശേഷം ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ധനം 60 ബില്യൺ ഡോളർ ഉയർന്ന് 535.35 ബില്യൺ ഡോളറിലെത്തി.

"2020-21 സാമ്പത്തിക വർഷം അവസാനത്തോടെ വിദേശ കരുതൽ ശേഖരം 567 ബില്യൺ ഡോളറായും 2021-22 സാമ്പത്തിക വർഷം അവസാനത്തോടെ ഇത് 642 ബില്യൺ ഡോളറായും ഉയരുമെന്ന് ഞങ്ങൾ പ്രവചിക്കുന്നു, ഇത് ഇന്ത്യയുടെ ഇറക്കുമതി പരിരക്ഷയുടെ നിലവാരം ഉയർത്തുന്നു, ”ബാർക്ലേസിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ രാഹുൽ ബജോറിയ പ്രമുഖ ദേശീയ മാധ്യമമായ എൻഡിടിവിയോട് പറഞ്ഞു.
 

click me!