അതിർത്തി സംഘർഷത്തിൽ ഇടിഞ്ഞു; അവസാന സെഷനിൽ നേട്ടത്തിലേക്ക് ഉയർന്ന് ഇന്ത്യൻ വിപണികൾ

By Anoop PillaiFirst Published Jun 16, 2020, 4:39 PM IST
Highlights

നിഫ്റ്റി മേഖലാ സൂചികകൾ സമ്മിശ്രമായാണ് പ്രതികരിച്ചത്. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചിക 2.7 ശതമാനം ഉയർന്നു, ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയതും നിഫ്റ്റി ഫിനാൻഷ്യൽ സർവീസ് സൂചികയാണ്. 

ന്ത്യ -ചൈന അതിർത്തി പിരിമുറുക്കത്തിനിടയിലും വിപണികൾ ശക്തി പ്രാപിച്ചതിനെത്തുടർന്ന് ബെഞ്ച്മാർക്ക് സൂചികകൾ ഒരു ശതമാനം നേട്ടത്തോടെ ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചു. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രി ചൈനീസ് സൈനികരുമായുള്ള സംഘർഷത്തിനിടെ മൂന്ന് സൈനിക ഉദ്യോ​ഗസ്ഥർക്ക് ജീവഹാനി ഉണ്ടായതായി ഇന്ത്യൻ സൈന്യം അറിയിച്ചതിന് തൊട്ടുപിന്നാലെ വിപണി സമ്മർദ്ദത്തിലേക്ക് നീങ്ങിയിരുന്നു. 

ഇന്ത്യ -ചൈന അതിർത്തി സംഘർഷം രൂക്ഷമാകുമെന്ന ഭയമാണ് ഇന്ത്യൻ ഓഹരികൾ ഉച്ചകഴിഞ്ഞ് ഇടിവ് രേഖപ്പെടുത്താൻ കാരണം.

യുഎസ് കോർപ്പറേറ്റ് ബോണ്ട് വാങ്ങൽ പ്രോഗ്രാമിൽ നിന്ന് പണലഭ്യത വർധിപ്പിക്കുമെന്ന പ്രതീക്ഷയിൽ രാവിലെ വ്യാപാരത്തിൽ രണ്ട് ശതമാനത്തിലധികം മുന്നേറിയ നിഫ്റ്റിയും സെൻസെക്സും സംഘർഷ വാർത്തയ്ക്ക് ശേഷം 0.5 ശതമാനം ഇടിഞ്ഞു.

ബ്രെന്റ് ക്രൂഡ് നിരക്ക് ഉയർന്നു

എന്നാൽ, പിന്നീട് വിപണി വ്യാപാരത്തിൽ തിരിച്ചുകയറി. വ്യാപാര സെഷന്റെ അവസാനത്തോടെ സെൻസെക്സ് 376 പോയിന്റ് ഉയർന്ന് 33,605 ൽ (1.13 ശതമാനം) ക്ലോസ് ചെയ്തപ്പോൾ നിഫ്റ്റി 50 സൂചിക 9,914 ൽ വ്യാപാരം (0.86 ശതമാനം) അവസാനിച്ചു. എച്ച്ഡി‌എഫ്‌സി ഇരട്ടകൾ (രണ്ടും 4%) സെൻ‌സെക്സിൽ നേട്ടമുണ്ടാക്കിയപ്പോൾ ആക്സിസ് ബാങ്കും ടെക് മഹീന്ദ്രയും (രണ്ടും 2% താഴെയാണ്) പിന്നിലേക്ക് പോയി. സെൻസെക്സ് പാക്കിൽ 15 ഓഹരികൾ മുന്നേറ്റം പ്രക‌ടിപ്പിച്ചു. 

നിഫ്റ്റി മേഖലാ സൂചികകൾ സമ്മിശ്രമായാണ് പ്രതികരിച്ചത്. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചിക 2.7 ശതമാനം ഉയർന്നു, ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയതും നിഫ്റ്റി ഫിനാൻഷ്യൽ സർവീസ് സൂചികയാണ്. നിഫ്റ്റി പി‌എസ്‌യു ബാങ്ക് സൂചിക 0.9 ശതമാനം ഇടിഞ്ഞു.

വിശാലമായ വിപണിയിൽ, ബി‌എസ്‌ഇ മിഡ്‌ക്യാപ്പ് 0.3 ശതമാനം ഉയർന്നപ്പോൾ ബി‌എസ്‌ഇ സ്‌മോൾകാപ്പ് സൂചിക ഫ്ലാറ്റ് ‌ട്രേഡിം​ഗിലേക്ക് നീങ്ങി.

ബ്രെൻറ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് നിരക്കുകളിൽ ഒരു ഡോളർ മുന്നേറ്റം ഉണ്ടായി. നിരക്ക് ബാരലിന് 40.72 ഡോളറിലേക്ക് എത്തി. 

click me!