
ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ കല്യാൺ ജ്വല്ലേഴ്സ് പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് (ഐപിഒ) കടക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് മുതൽ നിക്ഷേപകർ ആവേശത്തിലാണ്. ഐപിഒയിലൂടെ 1,175 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരിക്ക് 86-87 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുളളത്. സ്വർണ വ്യാപാരം രംഗത്ത് രജത ജൂബിലി പിന്നിട്ട കമ്പനിയുടെ ഏറ്റവും സുപ്രധാന തീരുമാനമാണിത്.
പ്രമുഖ വ്യവസായി ടി എസ് കല്യാണരാമന്റെ നേതൃത്വത്തിൽ 1993ൽ തൃശ്ശൂരിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയ കല്യാൺ ജൂവലേഴ്സിന് 2020 ജൂൺ 30 ലേക്ക് എത്തുമ്പോൾ രാജ്യത്ത് ആകെ 137 ഷോറൂമുകളുണ്ട്. കല്യാണരാമൻ മക്കളായ ടി കെ സീതാരാമൻ, ടി കെ രമേശ് എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
മാര്‍ച്ച് 16-18 വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. 9.19 കോടി ഓഹരികളിലൂടെ പുതിയ ഓഹരി വില്‍പ്പന വഴി 800 കോടി രൂപ സമാഹരിക്കാനാണ് ജ്വല്ലറി ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതോടൊപ്പം ഓഫര്‍ ഫോര്‍ സെയില്‍ വഴി 4.31 കോടി ഓഹരികള്‍ വിറ്റഴിച്ച് 375 കോടിയും സമാഹരിക്കും. കേരളത്തിൽ നിന്നുള്ള ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐപിഒകളിലൊന്നായിരിക്കും കല്യാൺ ജൂവലേഴ്സിന്റേത്.
ഒരു ലോട്ട് 172 ഓഹരികൾ
ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന തുകയിൽ നിന്ന് 600 കോടി പ്രവർത്തന മൂലധനമാക്കി കൂടുതൽ വളർച്ച നേടുകയാണ് മുഖ്യ പദ്ധതി. വാർബർഗ് പിൻകസ് പിന്തുണയുള്ള ജ്വല്ലറി ശൃംഖല തുടക്കത്തിൽ 1,750 കോടി രൂപ ഐപിഒ വഴി സമാഹരിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് ഓഫർ വലുപ്പം 1,175 കോടി രൂപയായി കുറച്ചിട്ടുണ്ട്. പ്രമോട്ടർ ടി എസ് കല്യാണരാമൻ 125 കോടി രൂപയുടെ ഓഹരികളും നിക്ഷേപകനായ ഹൈഡെൽ ഇൻവെസ്റ്റ്‌മെന്റിന്റെ 250 കോടി രൂപയുടെ ഓഹരികളും വിൽക്കുന്നതിനാണ് പദ്ധതിയിടുന്നത്. കല്യാൺ ജ്വല്ലേഴ്സിൽ 27.41 ശതമാനം ഓഹരികളാണ് കല്യാണരാമന് ഉള്ളതെങ്കിൽ ഹൈഡെൽ ഇൻവെസ്റ്റ്‌മെന്റിന് 24 ശതമാനം ഓഹരിയുണ്ട്.
ആകെ ഓഹരികളുടെ 50 ശതമാനം വരെ നിക്ഷേപക സ്ഥാപനങ്ങൾക്കും 35 ശതമാനം വ്യക്തിഗത നിക്ഷേപകർക്കും 15 ശതമാനം നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കുമാണ്. രണ്ട് കോടി വരെയുള്ള ഓഹരികൾ യോഗ്യരായ ജീവനക്കാർക്കായി മാറ്റി വയ്ക്കും.
172 ഓഹരികളുടെ ഒരു ലോട്ടായാണ് അപേക്ഷിക്കാനാകുക. ഇത് പ്രകാരം ഒരു ഓഹരിക്ക് 87 രൂപ നിരക്കിൽ 14,964 രൂപയാണ് നിക്ഷേപിക്കാൻ വേണ്ട മിനിമം തുക. രണ്ട് കോടി രൂപ മൂല്യമുള്ള ഓഹരികൾ കമ്പനിയിലെ ജീവനക്കാർക്കായി നീക്കിവെയ്ക്കും. ഓഹരികളുടെ പുതിയ ഇഷ്യുവിൽ നിന്നുള്ള വരുമാനം പ്രവർത്തന മൂലധന ആവശ്യകതകൾക്കും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും.
എതിരാളി ടൈറ്റൻ തനിഷ്ക്
വിപണി റിപ്പോർട്ടുകളനുസരിച്ച്, 2020 മാർച്ച് 31 ലെ വരുമാനത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി കമ്പനികളിലൊന്നാണ് കല്യാൺ ജ്വല്ലേഴ്സ്. കേരളത്തിലെ തൃശ്ശൂരിൽ ആരംഭിച്ച കമ്പനിക്ക് ഇപ്പോൾ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 107 സ്റ്റോറുകൾ ഉണ്ട്. മിഡിൽ ഈസ്റ്റിൽ 30 ഷോറൂമുകളുമുണ്ട്. എല്ലാ സ്റ്റോറുകളും കമ്പനി നേരിട്ട് പ്രവർത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
2019-20 ൽ കല‍്യാൺ ജ്വല്ലേഴ്സിന്റെ വരുമാനം 10,100 കോടി രൂപയായിരുന്നു, അതിൽ 78.19 ശതമാനം ഇന്ത്യയിൽ നിന്നുള്ളതാണ്, 21.8 ശതമാനം മിഡിൽ ഈസ്റ്റിൽ നിന്നും ലഭിക്കുന്നു. ഇന്ത്യയിലും വിദേശത്തും 250-ലധികം ഔട്ട്‍ലെറ്റുകളുള്ള ഏറ്റവും ഉയർന്ന സ്റ്റോർ സാന്നിധ്യമുള്ള ടൈറ്റന്റെ തനിഷ്ക് ആണ് കമ്പനിയുടെ ഏറ്റവും അടുത്ത എതിരാളി. രാജ്യത്ത് ലിസ്റ്റുചെയ്ത മറ്റൊരു സ്ഥാപനമായ പിസി ജ്വല്ലേഴ്സിന് 84 സ്റ്റോറുകളുണ്ട്.
ആക്സിസ് ക്യാപിറ്റൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവയാണ് ആഗോള കോർഡിനേറ്റർമാരും ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരും.