ചരിത്ര മുഹൂര്‍ത്തം, ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിനായി തുറന്നു കൊടുത്ത് മുഖ്യമന്ത്രി

By Web TeamFirst Published May 17, 2019, 12:46 PM IST
Highlights

ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവി കിഫ്ബിക്ക് സ്വന്തമായി. ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ച് ക്ഷണിക്കുന്നത് ഇതാദ്യമായാണ്

ലണ്ടന്‍: വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു കൊടുത്തു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണപ്രകാരം ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ലണ്ടൻ ഓഹരി വിപണിയിൽ കിഫ്ബി ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിനും തുടക്കമായി. ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവിയും ഇതോടെ കിഫ്ബിക്ക് സ്വന്തമായി.

ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ച് ക്ഷണിക്കുന്നത് ഇതാദ്യമായാണ്. ലണ്ടൻ ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവി ഇതോടെ കിഫ്ബിക്ക് സ്വന്തം. വിപണി തുറക്കൽ ചടങ്ങിൽ ധനകാര്യമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം എന്നിവരും പങ്കെടുത്തു. 
 
നേരത്തെ ദേശീയപാതാ അതോറിറ്റിയും എൻ.റ്റി.പി.സി.യും ബോണ്ടുകൾ പുറപ്പെടുവിച്ചപ്പോൾ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്ഗരി, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ഇത്തരത്തിൽ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. കിഫ്ബിക്കു മാത്രമല്ല സംസ്ഥാനത്തിനു തന്നെ നാഴികക്കല്ലാകുന്ന ഒരു വിനിമയമാണിത്. ആഗോള നിക്ഷേപക സമൂഹവുമായും ധനവിപണിയുമായും കൂടുതൽ സജീവമായി ഇടപെടാൻ കേരളം സന്നദ്ധമാണെന്നതിന്റെ പ്രതീകാത്മക വിളംബരം കൂടിയായതിനാൽ ഇന്നത്തെ വിപണി തുറക്കൽ സംസ്ഥാനത്തെ സംബന്ധിച്ച് അതീവ പ്രധാനമാണ്.

ഓഹരി വില്‍പനയ്ക്കിറക്കുന്ന ലോകമെമ്പാടുമുള്ള കക്ഷികൾക്ക് വലിയൊരു വിഭാഗത്തിലേക്ക് എത്തിച്ചേരാനുള്ള വേദിയാണ് ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ച്. ലോകമെമ്പാടുമുള്ള വിവിധ ഭൂമേഖലകളുമായി നമുക്കുണ്ടായിരുന്ന ചരിത്രപരമായ ബന്ധം വീണ്ടും ചൈതന്യവത്താക്കാനും കേരളവികസനത്തിന്റെ അടുത്ത അദ്ധ്യായത്തിന് രൂപം നല്കുന്നതിൽ അവരെ പങ്കാളികളാക്കാനുമുള്ള കേരളത്തിന്റെ ലക്ഷ്യം നേടാൻ ഏറ്റവും അനുയോജ്യമായ അവസരമാണ് ഇതൊരുക്കുന്നത്.

സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള പുതിയ അവസരം മാത്രമല്ല, കോർപ്പറേറ്റ് ഭരണത്തിലെയും ഫണ്ട് പരിപാലനത്തിലെയും ലോകോത്തര സമ്പ്രദായങ്ങൾ പകർത്താനുള്ള അവസരംകൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവിഭാഗം ജനങ്ങൾക്കും ഉറപ്പാക്കുന്ന തരം പരിഷ്ക്കാരങ്ങളുടെ മുന്നണിയിൽ പ്രതിഷ്ഠിക്കപ്പെടാനുള്ള സംസ്ഥാനത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ വിളംബരംകൂടിയാണിത്.

കിഫ്ബിയും സംസ്ഥാനസർക്കാരും ഒരുകൊല്ലമായി നടത്തുന്ന അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ലണ്ടൻ സ്റ്റോക്‌ എക്സ്‌ചേഞ്ജിലെ ഈ വിപണിതുറക്കൽ ചടങ്ങ്. രാജ്യാന്തര നിക്ഷേപകർക്കൊപ്പം ലോക വ്യാപകമായി വിജയകരമായി സംഘടിപ്പിച്ച റോഡ് ഷോകളുടെ തുടർച്ചയായാണ് ഈ ചരിത്രസംഭവം അരങ്ങേറുന്നത്. നിക്ഷേപകരുടെ വിപുലമായ ശ്രേണിയിൽനിന്ന് കിഫ്ബിയുടെ ഓഹരിക്കു ലഭിച്ച സബ്‌സ്ക്രിപ്ഷൻ കിഫ്ബി മാതൃകയ്ക്ക് ആഗോള നിക്ഷേപകസമൂഹത്തിൽ ഉണ്ടായിട്ടുള്ള അംഗീകാരത്തിന്റെ സാക്ഷ്യമാണ്. അടുത്ത മൂന്നുകൊല്ലത്തിനകം അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടിരൂപയുടെ മൂലധന നിക്ഷേപം ലഭ്യമാക്കുക എന്ന വളർച്ചാലക്ഷ്യം നേടാനുള്ള പാതയിൽ ഈ ഓഹരി വ്യാപാരം കിഫ്ബിക്കു കരുത്താകും.

ഓഹരി വാങ്ങുന്നവർക്കു റിട്ടേൺ സുസ്ഥിരമായി ഉറപ്പാക്കുന്ന യീൽഡ് കർവ് വിദേശ വിപണിയിൽ കിഫ്ബി ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ഇത് രാജ്യത്തെ കീഴ്‍തല ഓഹരികളുടെ വിപണനത്തിനു വഴിയൊരുക്കും. മൂലധനം വാങ്ങി അടിസ്ഥാന സൗകര്യ-ആസ്തി വികസനത്തിൽ നിക്ഷേപിച്ച് നിയന്ത്രിതമായി നേട്ടമുണ്ടാക്കുന്ന തരത്തിൽ കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ധനശേഖരണ മാതൃകയ്ക്ക് രാജ്യാന്തര നിക്ഷേപകർക്കിടയിലുള്ള സ്വീകാര്യത ഈ ഓഹരിവില്പന വ്യക്തമാക്കിയിരിക്കുകയാണ്. ഉയർന്നുവരുന്ന വിപണികളിലെല്ലാം പകർത്താവുന്ന പ്രായോഗിക മാതൃക എന്ന അംഗീകാരവും ഇതിനു കൈവന്നിരിക്കുന്നു.

click me!