കെഎഫ്സി 500 കോടിയുടെ കടപ്പത്രം കൂടി പുറത്തിറക്കും: പ്രവാസികൾക്ക് മൂന്ന് ശതമാനം പലിശയിൽ വായ്പ

By Web TeamFirst Published Sep 16, 2020, 1:40 PM IST
Highlights

ഇത്തരം വായ്പകൾക്ക് ആദ്യ വർഷം പലിശ മാത്രം തിരിച്ചടച്ചാൽ മതി. 

തിരുവനന്തപുരം: പൊതുവിപണിയിൽ നിന്ന് ഫണ്ട് ശേഖരിക്കുന്നതിനായി കെഎഫ്സി (കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ) 500 കോടിയുടെ കടപ്പത്രം കൂടി പുറത്തിറക്കുമെന്ന് എംഡി ടോമിൻ തച്ചങ്കരി അറയിച്ചു. നേരത്തെ പുറത്തിറക്കിയ 250 കോടിയുടെ കടപ്പത്രം വൻ വിജയമായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

കെഎഫ്സി നൽകുന്ന വായ്പ ശതമാനം ഉയർത്തുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടി. നിലവിൽ നൽകുന്ന വായ്പകൾ 3,300 കോടിയിൽ നിന്ന് ഈ സാമ്പത്തിക വർഷം തന്നെ 4,000 കോടിയാക്കുകയാണ് കോർപ്പറേഷന്റെ ലക്ഷ്യം. ഇന്നലെ വിപണിയിലെത്തിയ 100 കോടിയുടെ കടപ്പത്രത്തിന് 967.5 കോടി രൂപയുടെ വാ​ഗ്ദാനം ലഭിച്ചിരുന്നു. എന്നാൽ, 250 കോ‌ടി രൂപ വരെ മാത്രമേ ഓവർ സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കുകയൊള്ളൂ. 7.7 ശതമാനം പലിശ നിരക്കിലാണ് വാ​ഗ്ദാനം ലഭിച്ചത്. 

കെഎഫ്സിക്ക് ഇതുവരെ ലഭിച്ച ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്കും 50 ൽ താഴെ പ്രായമുളള തൊഴിൽ ര​ഹിതർക്കും ഈട് ഇല്ലാതെ കെഎഫ്സി വായ്പ നൽകും. എന്നാൽ, ഇത്തരക്കാരുടെ ബാങ്ക് ഇടപാടുകൾ കെഎഫ്സി ഓൺലൈനായി നിരീക്ഷിക്കും. ഏഴ് ശതമാനം പലിശയ്ക്ക് 50 ലക്ഷം വരെ വായ്പ നൽകും. ഇത്തരം വായ്പകൾക്ക് ആദ്യ വർഷം പലിശ മാത്രം തിരിച്ചടച്ചാൽ മതി. 

തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നാല് ശതമാനം നിരക്കിൽ കെഎഫ്സി വായ്പ നൽകും. ഇത്തരം വായ്പകൾക്ക് നോർക്കയുടെ ആനുകൂല്യം ഉളളതിനാൽ വായ്പ പരിധി മൂന്ന് ലക്ഷം രൂപ വരെയോ പദ്ധതി ചെലവിന്റെ 15 ശതമാനം വരെയോ സബ്സിഡി നൽകും. അതിനാൽ ഫലത്തിൽ വായ്പയുടെ പലിശ മൂന്ന് ശതമാനമായിരിക്കും.  

click me!