'മോദി വീണ്ടും' എന്ന സൂചനയെത്തി വിദേശ നിക്ഷേപം കുതിച്ചുകയറി; മാസക്കണക്കില്‍ പക്ഷേ ഇപ്പോഴും ഇടിവ്

By Web TeamFirst Published May 26, 2019, 8:58 PM IST
Highlights

300 മുകളില്‍ ബിജെപിക്ക് മാത്രം സീറ്റ് കിട്ടിയതിലൂടെ സ്ഥിരതയുളള സര്‍ക്കാരായിരിക്കും അടുത്ത അഞ്ച് വര്‍ഷവും തുടരുകയെന്ന പ്രതീതി നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായും വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.   

മുംബൈ: മെയ് രണ്ട് മുതല്‍ 24 വരെയുളള കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്ന് 4,375 കോടി രൂപ പുറത്തേക്ക് പോയി. നിരവധി ആഭ്യന്തര -വിദേശ ഘടകങ്ങളാണ് ഈ പിന്‍വലിക്കലിന് നിക്ഷേപകരെ പ്രേരിപ്പിച്ചത്.  പ്രധാനമായും പൊതുതെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച ഉണ്ടായിരുന്ന ആശങ്കകളും, അമേരിക്ക -ചൈന വ്യാപാര യുദ്ധവുമാണ് ഇന്ത്യന്‍ മൂലധന വിപണിയെ പ്രതികൂലമായി ബാധിച്ചത്. എന്നാല്‍, 23 ന് തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വന്നതിന് പിന്നാലെ നിക്ഷേപം കുതിച്ചുകയറി.

കഴിഞ്ഞ മൂന്ന് മാസമായി നിക്ഷേപത്തില്‍ വന്‍ വളര്‍ച്ച പ്രകടിപ്പിച്ചതിന് ശേഷമാണ് വിദേശ പ്രോട്ട്ഫോളിയോ നിക്ഷേപത്തില്‍ (എഫ്പിഐ) ഇടിവ് നേരിട്ടത്. വിദേശ നിക്ഷേപത്തില്‍ ഫ്രെബ്രുവരി മാസത്തില്‍ 11,182 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. മാര്‍ച്ചില്‍ 45,981 കോടി രൂപയാണ് ഇന്ത്യന്‍ മൂലധന വിപണിയിലെത്തിയത്. ഏപ്രിലില്‍ 16,093 കോടി രൂപയാണ് ഇന്ത്യയില്‍ എഫ്പിഐ നിക്ഷേപമായി എത്തിയത്.  

ഇക്വിറ്റികളില്‍ നിന്ന് 2,048 കോടി രൂപയും ഡെബ്റ്റ് മാര്‍ക്കറ്റില്‍ നിന്ന് 2,309.86 കോടി രൂപയും അടക്കം 4,375.86 കോടി രൂപയാണ് എഫ്പിഐകള്‍ പിന്‍വലിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മെയ് 23 ന് ഒരു ദിവസം കൊണ്ട് 1,352.20 കോടി രൂപയാണ് ഇക്വിറ്റികളിലേക്ക് ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇറക്കിയത് !.

മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരുമെന്ന അവസ്ഥ രാജ്യത്തുണ്ടായതിലൂടെ വിദേശ നിക്ഷേപ നയങ്ങളില്‍ മാറ്റമുണ്ടാവില്ലെന്ന തോന്നലാണ് നിക്ഷേപകരെ മെയ് 23 ന് മൂലധന വിപണിയിലേക്ക് കൂടുതല്‍ നിക്ഷേപം ഇറക്കാന്‍ പ്രേരിപ്പിച്ച ഘടകം. മാത്രമല്ല 300 മുകളില്‍ ബിജെപിക്ക് മാത്രം സീറ്റ് കിട്ടിയതിലൂടെ സ്ഥിരതയുളള സര്‍ക്കാരായിരിക്കും അടുത്ത അഞ്ച് വര്‍ഷവും തുടരുകയെന്ന പ്രതീതി നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായും വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.   

click me!