
ദില്ലി: മുകേഷ് അംബാനിയുടെ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് എന്ന കമ്പനി 50 മില്യൺ ഡോളർ അമേരിക്കൻ കമ്പനിയായ അംബ്രി ഇൻകോർപ്പറേറ്റഡിൽ നിക്ഷേപിക്കും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ്. അംബ്രിയുടെ 42.3 ദശലക്ഷം ഓഹരികൾ റിലയൻസ് എനർജി സോളാർ ലിമിറ്റഡ് ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്.
അംബാനി മാത്രമല്ല അംബ്രിയെ നോട്ടം ഇട്ടിരിക്കുന്നത്. ബിൽഗേറ്റ്സ്, പോൾസൺ ആൻഡ് കമ്പനി തുടങ്ങിയവരിൽ നിന്നായി 141 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് അംബ്രിയിലേക്ക് എത്തുന്നത്. 2010 ൽ ആരംഭിച്ച അംബ്രി എന്ന കമ്പനി ബാറ്ററി ടെക്നോളജിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദ ഊർജ്ജ സംസ്കാരം ശക്തിപ്പെടുത്തുക ഇലക്ട്രിസിറ്റി നിരക്കുകൾ കുറയ്ക്കുക ഊർജ്ജ സംവിധാനങ്ങളെ പരമാവധി കാര്യക്ഷമതയിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത് പോലും ആഗോള അതിസമ്പന്ന പട്ടികയിൽ വൻമുന്നേറ്റം കാഴ്ചവെച്ച മുകേഷ് അംബാനിയുടെ അമേരിക്കയിലേക്കുള്ള പോക്ക് ഒന്നും കാണാതെ ആയിരിക്കില്ല എന്നാണ് ബിസിനസ് ലോകത്ത് നിന്നുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona