കുതിപ്പ് തുടർന്ന് ഓഹരി വിപണി: സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരത്തിൽ

By Web TeamFirst Published Oct 18, 2021, 7:21 PM IST
Highlights

കഴിഞ്ഞ ഏഴ് വ്യാപാര ദിവസങ്ങളിൽ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടായി. ആകെ നേട്ടം 4.7 ശതമാനമാണ്. 831 പോയന്റ് വർധനയാണ് ഉണ്ടായത്

മുംബൈ: ഇന്നും കുതിപ്പ് തുടർന്ന് ഓഹരി വിപണി. ഇത് തുടർച്ചയായ ഏഴാമത്തെ ദിവസമാണ് സൂചികകൾ പുതിയ ഉയരം കുറിച്ചത്. ഇന്ന് ഒരു ഘട്ടത്തിൽ 61963 എന്ന നിലയിലെത്തിയ സെൻസെക്‌സ് 460 പോയന്റ് നേട്ടത്തിൽ 61756 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 18542 ലേക്ക് ഉയർന്നെങ്കിലും 18477 ലേക്ക് താഴ്ന്ന് വ്യാപാരം അവസാനിപ്പിച്ചു.

കഴിഞ്ഞ ഏഴ് വ്യാപാര ദിവസങ്ങളിൽ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടായി. ആകെ നേട്ടം 4.7 ശതമാനമാണ്. 831 പോയന്റ് വർധനയാണ് ഉണ്ടായത്. ചൈനയിലെ പ്രതിസന്ധിയും ആഗോള തലത്തിലെ പണപ്പെരുപ്പ നിരക്കുമെല്ലാം ആഗോള വിപണിക്ക് തിരിച്ചടിയായപ്പോഴാണ് ഇന്ത്യയിലെ ഓഹരി സൂചികകൾ ഈ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്നത്.

ഇന്ന് സെൻസെക്സിൽ കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ ഹിൻഡാൽകോ ഇൻഡസ്ട്രീസ് (5.17 %), ഇൻഫോസിസ് (4.79 %), ടെക് മഹീന്ദ്ര (3.65%), ജെഎസ്ഡബ്ല്യു സ്റ്റീൽ (3.32%), ടാറ്റ സ്റ്റീൽ (2.40%) തുടങ്ങിയവയാണ്. മൂല്യമിടിഞ്ഞ ഓഹരികൾ എച്ച്സിഎൽ ടെക്നോളജീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഡോ റെഡീസ് ലാബോറട്ടറീസ് തുടങ്ങിയവയുമാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മുന്നേറ്റം കാഴ്ചവെച്ച ഫാർമ കമ്പനികളിൽ ഇപ്പോൾ പഴയ കുതിപ്പില്ല. ഇന്ന് ഫാർമ ഒഴികെയുള്ള എല്ലാ സെക്ടറൽ സൂചികകളും കുതിപ്പിൽ പങ്കാളിയായി. 

click me!