ഓഹരി വിപണിയിൽ വൻ കുതിപ്പുമായി വോഡഫോൺ ഐഡിയ; നേട്ടമായത് കേന്ദ്രത്തിന്റെ തീരുമാനം

By Web TeamFirst Published Feb 6, 2023, 6:30 PM IST
Highlights

കഴിഞ്ഞ വർഷം തന്നെ ബാധ്യതയായ  16,133 കോടി രൂപയ്ക്ക് പകരം ഓഹരി നൽകാമെന്ന് വോഡഫോൺ ഐഡിയ ബോർഡ് തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രം അംഗീകാരം നൽകിയിരുന്നില്ല

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ് നടത്തി വോഡഫോൺ ഐഡിയയുടെ ഓഹരികൾ. ഓഹരി വിലയിൽ 24 ശതമാനം വർധനവാണ് ഇന്നുണ്ടായത്.  കേന്ദ്ര സർക്കാരിന് നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശികയ്ക്ക് പകരം ഓഹരികൾ നൽകാമെന്ന വോ‍ഡഫോൺ ഐഡിയയുടെ നീക്കം കേന്ദ്രസർക്കാർ അംഗീകരിച്ചതാണ് ഈ കുതിപ്പ് സാധ്യമാക്കിയത്.

കഴിഞ്ഞ വർഷം തന്നെ ബാധ്യതയായ  16,133 കോടി രൂപയ്ക്ക് പകരം ഓഹരി നൽകാമെന്ന് വോഡഫോൺ ഐഡിയ ബോർഡ് തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രം അംഗീകാരം നൽകിയിരുന്നില്ല.  പ്രൊമോട്ടര്‍മാര്‍ പുതിയ നിക്ഷേപം നടത്തുമെന്ന് ഉറപ്പ് നല്‍കുന്നത് വരെ തീരുമാനം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. വലിയ നിക്ഷേപം നടത്താമെന്ന് പ്രെമോട്ടർമാരായ ആദിത്യ ബിർള ഗ്രൂപ്പ് ഉറപ്പ് നൽകിയതോടെയാണ് കേന്ദ്രം വഴങ്ങിയത്.

അതേസമയം അദാനിക്ക് ഇന്നും ഓഹരി വിപണിയിൽ തിരിച്ചടിയാണ് ഉണ്ടായത്. എസിസി, അദാനി പോർട്സ്, അംബുജ സിമന്റ്സ് എന്നീ കമ്പനികളുടെ ഓഹരികൾ ഒഴികെ മറ്റെല്ലാ കമ്പനികളും താഴേക്ക് പോയി.  ഇന്നും തിരിച്ചടിയേറ്റ സാഹചര്യത്തിൽ തങ്ങളുടെ സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാൻ അദാനി ഗ്രൂപ്പ് നിർണായക തീരുമാനം ഇന്നെടുത്തി. ഓഹരി ഈട് നൽകിയെടുത്ത വായ്പകൾ മുൻകൂറായി അടച്ചു തീർക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചു. അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്‌മിഷൻ എന്നീ കമ്പനികൾക്കായി എടുത്ത വായ്പകളാണ് തിരിച്ചടയ്ക്കുന്നത്. ഇതിനായി 9,100 കോടി രൂപയാണ് വകയിരുത്തിയത്. സാമ്പത്തിക നില ഭദ്രമെന്ന സന്ദേശം നൽകാൻ നീക്കത്തിലൂടെ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടുണ്ടാക്കിയ അഘാതത്തിലാണ് അദാനി. ഇതിനോടകം  10 ലക്ഷം കോടിയിലേറെ നഷ്ടമായി. ഓഹരികൾക്കൊപ്പം അദാനിയുടെ ബോണ്ടുകളും അന്താരാഷ്ട്ര മാർക്കറ്റിൽ താഴേക്കാണ്. എസിസി, അംബുജാ സിമന്‍റ്സ് കമ്പനികളെ ഏറ്റെടുക്കാൻ 53,000 കോടി രൂപയാണ് കഴിഞ്ഞ വർഷം അദാനി വായ്പ എടുത്തത്. ഈ വായ്പ പുനക്രമീകരിക്കുന്നതിന് കരുതൽ ധന ശേഖരത്തിൽ നിന്ന് വലിയ തുക ചെലവിടേണ്ട സാഹചര്യത്തിലേക്ക് കമ്പനി എത്തി. വിദേശ ബോണ്ടുകളിലൂടെ 41,000 കോടി രൂപ സമാഹരിക്കാൻ അദാനി ഗ്രൂപ്പ് നേരത്തെ ശ്രമിച്ചിരുന്നു. അത് ഉപേക്ഷിച്ചു. 

click me!