എണ്ണവില താഴേക്ക്, വിപണികളില്‍ സമ്മര്‍ദ്ദം ശക്തം, സ്വര്‍ണം ഭയപ്പെടുത്തുന്നു; കൊറോണയില്‍ പതറി ലോകം !

By Web TeamFirst Published Feb 24, 2020, 6:36 PM IST
Highlights

ചൈനയ്ക്ക് പുറത്തേക്ക് വ്യാപിക്കുന്ന അണുബാധയെ തുടര്‍ന്ന് ഇന്ന് ഏഷ്യൻ വിപണികളെയെല്ലാം കുത്തനെ ഇടിഞ്ഞു. 

മുംബൈ: കൊറോണ വൈറസ് കേസുകൾ ചൈനയ്ക്ക് പുറത്ത് വർദ്ധിച്ചതോടെ ഇന്ത്യൻ വിപണികൾ ഇന്ന് കുത്തനെ ഇടിഞ്ഞു. സെൻസെക്സ് 807 പോയിൻറ് ഇടിഞ്ഞ് 40,363 ലെത്തി. നിഫ്റ്റി 50 സൂചിക 11,850 ന് താഴെയായി 11,838 ൽ എത്തി വ്യാപാരം അവസാനിച്ചു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായി. യുഎസ് ഡോളറിനെതിരെ 71.90 എന്ന താഴ്ന്ന നിലയിലാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം. 

എൻ‌എസ്‌ഇയിലെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻ‌എസ്‌ഇ മെറ്റൽ സൂചിക 5.5 ശതമാനവും ബാങ്കിംഗും ഓട്ടോയും യഥാക്രമം 1.5 ശതമാനവും 3.5 ശതമാനവും ഇടിഞ്ഞു. 

ചൈനയ്ക്ക് പുറത്തേക്ക് വ്യാപിക്കുന്ന അണുബാധയെ തുടര്‍ന്ന് ഇന്ന് ഏഷ്യൻ വിപണികളെയെല്ലാം കുത്തനെ ഇടിഞ്ഞു. വാൾസ്ട്രീറ്റ് സ്റ്റോക്ക് ഫ്യൂച്ചറുകൾ 600 പോയിൻറിന് താഴെയായി. നിക്ഷേപകർ സ്വർണം പോലുള്ള സുരക്ഷിത താവളങ്ങളിലേക്ക് നീങ്ങിയപ്പോള്‍ തിങ്കളാഴ്ച ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വര്‍ണം എത്തി. 

മാരകമായ വൈറസിന്റെ ആഗോള വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചതിനെ തുടര്‍ന്ന് എണ്ണ വില സമ്മര്‍ദ്ദം വര്‍ധിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ദക്ഷിണ കൊറിയയിൽ 161 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധ 763 ആയി. ചൈനയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും മോശം അവസ്ഥായിലേക്ക് ഇതോടെ ദക്ഷിണ കൊറിയ നീങ്ങി. ഏഴ് പേർ മരിച്ചു. അതേസമയം, 400 പുതിയ കൊറോണ വൈറസ് കേസുകൾ ചൈന റിപ്പോർട്ട് ചെയ്തു. 
 

click me!