നവംബര്‍ ഒന്നിന് സംസ്ഥാനത്തെ വ്യാപാരികള്‍ പണിമുടക്കുന്നു

By Web DeskFirst Published Oct 11, 2017, 4:54 AM IST
Highlights

കോഴിക്കോട്: നവംബർ ഒന്നിന് സംസ്ഥാനത്തെ വ്യാപാരികൾ കടകൾ അടച്ച് പണിമുടക്കും. ചരക്ക് സേവന നികുതി നടപ്പാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടകളടച്ച് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്ന് വ്യാപാരികൾ പറയുന്നു. ജി.എസ്.ടി കൗൺസിൽ പ്രഖ്യപിച്ച ഇളവുകൾ സംബന്ധിച്ച് വ്യക്തതയില്ല. സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം വ്യാപാരികൾ ജി.എസ്.ടി രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു ലക്ഷം രജിസ്ട്രേഷനുകള്‍ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് സെർവറുകൾ. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണം.

ഇതോടൊപ്പം ദേശീയപാതാ വികസനം നടപ്പാക്കുമ്പോൾ വ്യാപാരികൾക്ക് പാക്കേജ് അനുവദിക്കണം. വ്യാപാര സ്ഥാപനങ്ങൾ തന്നെ മാലിന്യ സംസ്കരണം നടപ്പാക്കണമെന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്നും സമിതി പറയുന്നു.  വാടക-കുടിയാൻ നിയമം പോലുള്ള വിഷയങ്ങളും വ്യാപാരികൾ മുന്നോട്ട് വയ്ക്കുന്നു. നവംബർ ഒന്നിന് സെക്രട്ടേറിയറ്റിന് മുന്നിൽ 24 മണിക്കൂർ ഉപവാസ സമരം നടത്തും.  ഈ മാസം 25 ന് എറണാകുളത്ത് സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. മുഖ്യമന്ത്രിയെ കണ്ട് ആവശ്യങ്ങൾ ഉന്നയിക്കുമെന്നും വ്യാപാരികൾ അറിയിച്ചു.

click me!