പാക്, ചൈന പൗരത്വം സ്വീകരിച്ചവരുടെ വസ്തുവകകള്‍ ലേലം ചെയ്യാന്‍ ഇന്ത്യ

By Web DeskFirst Published Jan 15, 2018, 11:33 AM IST
Highlights

ദില്ലി: പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറുകയും അവിടെ പൗരത്വം സ്വീകരിക്കുകയും ചെയ്ത ഇന്ത്യന്‍ പൗരന്മാരുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ലേലം ചെയ്തു വില്‍പ്പന നടത്താന്‍ പോകുന്നതായി റിപ്പോര്‍ട്ട്. നാട്ടില്‍ വീടും സ്ഥലവും ബാക്കിയാക്കി അവയുടെ സുരക്ഷ സര്‍ക്കാരിന്‍െ ഏല്‍പ്പിച്ചിട്ടു പോയ 9400 സ്വത്തുക്കളാണ് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. 

ഇതിന് ഒരു ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ വിലമതിക്കുന്നത്. എനിമി പ്രോപ്പര്‍ട്ടി നിയമഭേദഗതിയിലുടെ വിഭജനകാലത്തും അല്ലാതെയും പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ നാട്ടിലെ സ്വത്തില്‍ ബന്ധുക്കള്‍ക്കോ അനന്തരാവകാശികള്‍ക്കോ അവകാശം ഇല്ലെന്ന് വരുത്തുന്നതാണ് നിയമം. 

ഇത്തരത്തില്‍ ആറായിരത്തോളം വസ്തുക്കളുടെ സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്. രണ്ടായിരത്തിലധികം വസ്തുക്കളുടെ സര്‍വേ പൂര്‍ത്തിയാക്കാനുമുണ്ട്. സര്‍വേ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ വസ്തുവകകളുടെ ലേലം നടത്താന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പാകിസ്താനിലേക്ക് പോയ 9280 പേരില്‍ 4991 പേരുടെ സ്വത്തുക്കള്‍ ഉത്തര്‍പ്രദേശിലാണുള്ളത്. 2735 പേരുടെ സ്വത്തുക്കള്‍ ബംഗാളിലും 487 പേരുടേത് ഡല്‍ഹിയിലുമാണ്. ചൈനയിലേക്ക് പോയ 29 പേരുടെ സ്വത്തുക്കള്‍ മേഘാലയയിലും 29 പേരുടെ സ്വത്തുക്കള്‍ ബംഗാളിലും ഏഴു പേര്‍ ആസാമിലുമാണ്. 

1965 ലെ ഇന്തോ-പാക് യുദ്ധത്തിന് ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു എനിമി പ്രോപ്പര്‍ട്ടി ആക്ട് നിലവില്‍ വന്നത്. ഈ നിയമത്തിലാണ് ഇപ്പോള്‍ ഭേദഗതി വരുന്നത്. പാക് പൗരനായ രാജമുഹമ്മദ് ആമിര്‍ മുഹമ്മദ് ഖാന്‍ ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലുമുള്ള സ്വത്തുക്കള്‍ക്ക് അവകാശം ഉന്നയിച്ചതോടെയാണ് പുതിയ നിയമം ഇക്കാര്യത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തത്.  

പുതിയ ഭേദഗതി വരുന്നതോടെ ഇത്തരം വസ്തുവകകളെ ശത്രുവിന്റേതോ ശത്രുവിന്റെ പങ്കാളിത്തമുള്ളതോ ആയതായി പരിഗണിക്കപ്പെടും. ഇക്കാര്യം നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ഇക്കാര്യം നടപ്പിലാക്കാന്‍ നോഡല്‍ ഓഫീസര്‍മാരുടെ സഹായവും തേടും. അതേസമയം പാകിസ്താന്‍ ഇക്കാര്യത്തില്‍ നേരത്തേ തന്നെ തീരുമാനം എടുക്കുകയും ഇന്ത്യാക്കാരുടെ പാകിസ്താനിലുള്ള വസ്തുവകകള്‍ വിറ്റഴിക്കുകയൂം ചെയ്തിരുന്നു.

click me!