
ദില്ലി: നോട്ട് നിരോധനത്തിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ നോട്ടുകള്‍ പ്രചാരത്തിലെത്തിയതോടെ പണമിടപാടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബാങ്കുകളുടെ നീക്കം. എടിഎമ്മില്‍ നിന്ന് ഒറ്റത്തവണ പിന്‍വലിക്കാവുന്ന തുക 20000 രൂപയായി കുറച്ചതിന് പിന്നാലെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ ഒരുങ്ങുന്നതായാണ് സൂചന.
എസ്ബിഐ എടിഎമ്മുകളില്‍നിന്ന് 40000 രൂപ വരെ പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 31 മുതല്‍ ഇത് 20000 രൂപയായി കുറച്ചുകൊണ്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. മറ്റ് ബാങ്കുകളും നിയന്ത്രണത്തിന് നിര്‍ബന്ധിതരായേക്കുമെന്നാണ് സൂചന.
നോട്ട് നിരോധനത്ത് ഉണ്ടായിരുന്നതിനേക്കാള്‍ രണ്ട് ലക്ഷം കോടി രൂപയുടെ അധിക നോട്ടുകള്‍ വന്നതായി കണക്കുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഇത്. 17.2 ലക്ഷം കോടി മൂല്യമുള്ള നോട്ടുകള്‍ നോട്ട് നിരോധനത്തിന് മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ 19.22 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഇപ്പോള്‍ പ്രചാരത്തില്‍ ഉള്ളത്. അപ്രതീക്ഷിതമായി കൂടുതല്‍ നോട്ടുകള്‍ പ്രചാരത്തിലെത്തിയതോടെയാണ് ബാങ്കുകള്‍ കൂടുതല്‍ നിയന്ത്രണത്തിന് ഒരുങ്ങുന്നത്.
നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 2016 നവംബര്‍ 8 ന് നോട്ട് നിരോധിച്ചതിന് ശേഷം ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് കൂടിയിട്ടുണ്ടെങ്കിലും എടിഎമ്മുകളുടെ എണ്ണം അതിനനുസൃതമായി വര്‍ദ്ധിച്ചിട്ടില്ല.
നിരോധനത്തിന് ശേഷം രണ്ടുമാസത്തിനുള്ളില്‍ 8.73 ലക്ഷം കോടിയായി കുറഞ്ഞിരുന്നു. 2018 മെയ് മാസത്തോടെ പ്രചാരത്തിലുള്ള നോട്ടുകളുടെ എണ്ണം 19 ലക്ഷം കോടിയ്ക്ക് പുറത്തെത്തി. സെപ്തംബര്‍ 14ന് ഇത് 19.22 ലക്ഷം കോടി രൂപയായി.