
കൊച്ചി: മിൽമ പാൽ പാക്കറ്റുകളുടെ രൂപം മാറുന്നു. ദേശീയ ക്ഷീര ദിനത്തിൽ മന്ത്രി കെ.രാജുവാണ് പുതിയ ഡിസൈനുകൾ പ്രകാശനം ചെയ്തത്. ദിനാചരണത്തിന്റെ ഭാഗമായി പുതിയ ഉത്പന്നങ്ങളും മിൽമ വിപണിയിലെത്തിച്ചു.
പ്രതിവർഷം 3003 കോടിയിലധികം വിറ്റു വരവുള്ള മിൽമ ഇനിയും ഉയരങ്ങള് എത്തിപിടിക്കാനുള്ള ശ്രമത്തിലാണ്...പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം രൂപത്തിലും മാറ്റം വരുത്തി. അടുത്ത ഒരു മാസത്തിനുള്ളിൽ വൈവിധ്യമാർന്ന ഡിസൈനുകളിൽ മുഖം മിനുക്കിയാകും മിൽമ വീടുകളിലെത്തുക. ഇത്തരത്തിൽ അടിമുടി മുടി മാറ്റവുമായി ലാഭം കൂട്ടാനാണ് ശ്രമം.
90 ദിവസം കേടാകാതെ സൂക്ഷിക്കാൻ കഴിയുന്ന മിൽപ ലോംഗ് പാൽ, മിൽമ ലസി എന്നിവയാണ് പുതിയതായി അവതരിപ്പിക്കപ്പെട്ട ഉത്പന്നങ്ങൾ. പ്രത്യേക പാക്കിൽ, തണുപ്പിച്ചിച്ച് സൂക്ഷിക്കാതെ തന്നെ കേടുവരാതിരിക്കുന്ന മിൽമ ലോംഗ് പാൽ അര ലിറ്ററിന് 23 രൂപയാണ് വില. ലസിയുടെ 200 മില്ലി ലിറ്റര്‍ കുപ്പിയ്ക്ക് 25 രൂപയുമാണ് വില.
സംസ്കരണം നടത്തുമ്പോള്‍ ജീവകം നഷ്ടമാകാതെ പാലിന്റെ ഗുണമേന്മ നിലനിർത്താനുള്ള ഫോർട്ടിഫിക്കേഷൻ എന്ന പ്രക്രിയയ്ക്കും ഇതിനോടകം മിൽമ തുടക്കമിട്ടു കഴിഞ്ഞു. ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുരസ്കാര വിതരണവും ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ധവള വിപ്ലവത്തിന്റെ പിതാവ് ഡോ.വർഗീസ് കുര്യന്റെ ജൻമദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.